TMJ
searchnav-menu
post-thumbnail

TMJ Daily

ദക്ഷിണ കൊറിയ ചിപ്പ് നിര്‍മ്മാണ മേഖലയ്ക്ക് 23 ബില്ല്യണ്‍ ഡോളര്‍ പാക്കേജ് പ്രഖ്യാപിച്ചു

15 Apr 2025   |   1 min Read
TMJ News Desk

യുഎസ് തീരുവ അനിശ്ചിതത്വത്തിന് ഇടയില്‍ ചിപ്പ് നിര്‍മ്മാണ മേഖലയ്ക്കായി 23 ബില്ല്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ സെമികണ്ടക്ടര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 26 ട്രില്ല്യണ്‍ വണ്‍ പാക്കേജും കൊറിയ പ്രഖ്യാപിച്ചിരുന്നു.

യുഎസ് ഭരണകൂടത്തിന്റെ നയങ്ങളുടെ അനിശ്ചിതാവസ്ഥയും ചൈനയില്‍ നിന്നുള്ള മത്സരം വര്‍ദ്ധിക്കുന്നതും കാരണമാണ് സര്‍ക്കാര്‍ ഈ പാക്കേജ് വര്‍ദ്ധിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

ആഗോള തലത്തില്‍ മത്സരിക്കുമ്പോഴുണ്ടാകുന്ന വന്‍ചെലവുകളുമായി പൊരുത്തപ്പെടുന്നതിനായി കമ്പനികളെ സഹായിക്കുന്നതിനാണ് ദക്ഷിണ കൊറിയ ചിപ്പ് നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ പണമൊഴുക്കാന്‍ തീരുമാനിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സ്, എസ് കെ ഹിനിക്‌സ് എന്നീ കമ്പനികള്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ളതാണ്. ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ദക്ഷിണ കൊറിയ. എന്നാല്‍, ചിപ്പ് നിര്‍മ്മാണ മേഖലയില്‍ അടുത്തിടെ അവര്‍ രൂപകല്‍പനയിലും നിര്‍മ്മാണ കരാറുകളിലും പിന്തള്ളപ്പെട്ടിരുന്നു.

2024ല്‍ രാജ്യത്തിന്റെ ആകെ കയറ്റുമതിയുടെ 21 ശതമാനവും സെമികണ്ടക്ടര്‍ മേഖലയില്‍നിന്നുമായിരുന്നു. 141.9 ബില്ല്യണ്‍ ഡോളറിന്റെ ചിപ്പുകളാണ് ദക്ഷിണ കൊറിയ കയറ്റുമതി ചെയ്തത്. ചൈനയിലേക്കും യുഎസിലേക്കുമുള്ള കയറ്റുമതി യഥാക്രമം 46.6 ബില്ല്യണ്‍ ഡോളറും 10.7 ബില്ല്യണ്‍ ഡോളറുമായിരുന്നു.

സെമികണ്ടക്ടര്‍ വ്യവസായത്തിനുമേല്‍ പുതിയ തീരുവ ഈ ആഴ്ച്ചയില്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീരുവയുടെ കാര്യത്തില്‍ യുഎസുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്.




#Daily
Leave a comment