
ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു
ദക്ഷിണ കൊറിയയുടെ പാര്‍ലമെന്റ് രണ്ടാമത്തെ ശ്രമത്തില്‍ പ്രസിഡന്റ് യൂണ്‍ സുക് യോളിനെ ഇംപീച്ച് ചെയ്യുന്നതില്‍ വിജയം കൈവരിച്ചു. രാജ്യത്ത് യൂണ്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെ പാര്‍ലമെന്റായ ദേശീയ അസംബ്ലി ഇംപീച്ച് ചെയ്തത്. കഴിഞ്ഞാഴ്ച്ച ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചുവെങ്കിലും ക്വോറം തികയാത്തതിനാല്‍ പരാജയപ്പെട്ടിരുന്നു. ദക്ഷിണ കൊറിയയുടെ ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ആക്ടിങ് പ്രസിഡന്റ് ആകും. സര്‍ക്കാരിന് സുസ്ഥിരത കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് ഹാന്‍ പറഞ്ഞു.
300 അംഗ ദേശീയ അസംബ്ലിയില്‍ 192 സീറ്റുകള്‍ പ്രതിപക്ഷത്തിന്റേതാണ്. യൂണിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ 12 അംഗങ്ങള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ സഹായിച്ചത്. പ്രമേയം പാസാകാന്‍ മൂന്നില്‍ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷം ആവശ്യമാണ്. 204 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് പേര്‍ വിട്ടുനിന്നപ്പോള്‍, എട്ട് വോട്ടുകള്‍ അസാധുവായി.
യൂണിനെ ഇംപീച്ച്‌മെന്റ് ചെയ്തുവെങ്കിലും ഉടനടി അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാകില്ല. പ്രസിഡന്റിന്റെ അധികാരങ്ങള്‍ പാര്‍ലമെന്റ് എടുത്തു കളയും. യൂണിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്യണമോയെന്ന് ആറുമാസത്തിനകം ഭരണഘടനാ കോടതി തീരുമാനിക്കും. നീക്കം ചെയ്യുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തും. യൂണ്‍ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് പട്ടാള നിയമം പ്രഖ്യാപിച്ചത് ഡിസംബര്‍ 3-ന് ആണ്.