REPRESENTATIONAL IMAGE: PIXABAY
ദക്ഷിണ കൊറിയക്കാര്‍ക്ക് പ്രായം കുറയുന്നു; വയസ്സു നിര്‍ണയിക്കാന്‍ ഇനി പൊതുരീതി
പ്രായം കണക്കാക്കുന്നതില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ദക്ഷിണ കൊറിയ. ലോകമെമ്പാടുമുള്ള പൊതുരീതിയാകും ദക്ഷിണ കൊറിയയും ഇനി മുതല്‍ പിന്തുടരുക. അതുകൊണ്ട് ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ടു വയസ്സുവരെ കുറയും.
പരമ്പരാഗത കൊറിയന്‍ രീതി അനുസരിച്ച് പുതുവര്‍ഷം പിറക്കുന്ന ദിവസം എല്ലാവര്‍ക്കും ഒരു വയസ്സ് കൂടും. ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസ്സ് പ്രായമാണ് കണക്കാക്കുന്നത്. ജനുവരി ഒന്നിന് അടുത്ത വയസ്സ് പൂര്‍ത്തിയാകും. അതായത്, ഡിസംബര്‍ 31 ന് ജനിക്കുന്ന കുഞ്ഞിന് ഒരു വയസ്സ് പ്രായം കണക്കാക്കുന്നു. പിറ്റേദിവസം ജനുവരി ഒന്നിന് കുഞ്ഞിന് രണ്ടു വയസ്സ് തികയുമെന്നാണ് കണക്ക്.
പാരമ്പര്യത്തെ കൈവിട്ട് ജനത
നിയമപരമായ കാര്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കുന്ന രീതിയാണ് പിന്തുടരുന്നതെങ്കിലും അടിസ്ഥാന പ്രായം, മിലിട്ടറി ജോലികള്‍ക്ക് പ്രായം കണക്കാക്കല്‍ തുടങ്ങിയവയ്ക്ക് നിലവിലെ വര്‍ഷത്തില്‍ നിന്ന് ജനിച്ച വര്‍ഷം കുറയ്ക്കുകയായിരുന്നു പതിവ്. പ്രായം കണക്കാക്കുന്നതിലെ തലതിരിഞ്ഞ കൊറിയന്‍ പാരമ്പര്യം പലരുടെയും പ്രായത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും അന്താരാഷ്ട്ര രീതിയില്‍ പ്രായം കണക്കുകൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
പൊതുരീതി സ്വീകരിക്കുമ്പോള്‍ ജനനസമയത്ത് പൂജ്യം വയസ്സും, ആദ്യത്തെ ജന്മദിനത്തില്‍ ഒരു വയസ്സും എന്ന രീതിയിലേക്ക് ദക്ഷിണ കൊറിയയും മാറും. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വന്നിരുന്ന ഈ സമ്പ്രദായം മാറുന്നതോടെ കൊറിയാക്കാരുടെ പ്രായം രണ്ടു വയസ്സുവരെ കുറയും. ഉത്തര കൊറിയ 1985 മുതല്‍ പൊതുരീതിയാണ് പിന്തുടരുന്നത്.
വിമര്‍ശനങ്ങള്‍ക്കൊടുവിലെ വീണ്ടുവിചാരം
ചൈനയിലും ഏഷ്യയിലെ ചില പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പ്രായനിര്‍ണയ രീതിയില്‍ നിന്നാണ് കൊറിയയുടെ പരമ്പരാഗത പ്രായനിര്‍ണയ സംവിധാനത്തിന്റെ ഉത്ഭവം. ആഗോളവത്ക്കരണത്തിന്റെ വരവോടെയാണ് കൊറിയക്കാര്‍ രാജ്യാന്തര നിര്‍ണയം അടിസ്ഥാനമാക്കിയുള്ള പ്രായത്തെ കുറിച്ച് കൂടുതല്‍ ബോധവാന്മാരായത്. ഗവണ്‍മെന്റ് സേവനങ്ങളും സൗജന്യങ്ങളും ലഭിക്കുന്നതിലും പ്രായം ഒരു നിര്‍ണായക ഘടകമാണ്.
മഹാമാരിയുടെ കാലത്ത് പ്രായനിര്‍ണയം സംബന്ധിച്ച് ഏകീകരണം ആവശ്യമാണെന്ന മുറവിളി ഉയര്‍ന്നിരുന്നു. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ യോഗ്യത കണക്കാക്കുന്നതിന് കൊറിയന്‍ പ്രായവും രാജ്യാന്തര പ്രായവും ഉപയോഗിക്കപ്പെട്ടത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റിട്ടയര്‍മെന്റ് പോലുള്ളവയുമായി ബന്ധപ്പെട്ട നിയമ യുദ്ധങ്ങളിലേക്കും പ്രായവിവാദം എത്താറുണ്ട്.
പാരമ്പര്യത്തെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്ന കൊറിയക്കാര്‍ പ്രായത്തിനും വലിയ പ്രാധാന്യം തന്നെയാണ് നല്‍കുന്നത്. പ്രായം കുറഞ്ഞ ആളുകള്‍ മുതിര്‍ന്നവരോട് ബഹുമാനത്തോടെ ഇടപെടണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമാണ്. സംസാരത്തിലും രീതികളിലുമെല്ലാം എത്രത്തോളം ബഹുമാനം പ്രകടിപ്പിക്കണമെന്നത് നിശ്ചയിക്കുന്നതും പ്രായമാണ്. ഒരു വയസ്സ് വ്യത്യാസമാണെങ്കില്‍ പോലും ഇവരുടെ ഇടപെടലുകളില്‍ അതിനനുസരിച്ച് മാറ്റവുമുണ്ടാകും.