REPRESENTATIVE IMAGE: WIKI COMMONS
സില്‍വര്‍ ലൈനായി ഭൂമി വിട്ടുനല്‍കാനാകില്ലെന്ന് ദക്ഷിണ റെയില്‍വേ; ഭാവി വികസനത്തെ ബാധിക്കും
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ദക്ഷിണ റെയില്‍വേ. ഭൂമി വിട്ടുനല്‍കിയാല്‍ കേരളത്തിലെ റെയില്‍ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കില്‍ വേഗപരിധി കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
സില്‍വര്‍ ലൈന്‍ നിലവിലുള്ള റെയില്‍വേ നിര്‍മിതികള്‍ക്കും സര്‍വീസുകള്‍ക്കും എന്തൊക്കെ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പരിഗണിച്ചില്ലെന്നും, തിരൂര്‍-കാസര്‍ഗോഡ് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെ അലൈന്‍മെന്റുകള്‍ തീരുമാനിച്ചതായും ദക്ഷിണ റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേ ഭൂമിയില്‍ കെ റെയിലുമായി ചേര്‍ന്നുനടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് റെയില്‍വേ ബോര്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കെ റെയില്‍ ആവശ്യപ്പെട്ട മുഴുവന്‍ റെയില്‍വേ ഭൂമിയിലും തടസ്സം ഉന്നയിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കൂടിയാലോചന നടത്തിയില്ല
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി തേടി കെ റെയില്‍ പലതവണ കത്തെഴുതിയ സാഹചര്യത്തിലാണ് ദക്ഷിണ റെയില്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് ഒരിഞ്ചുഭൂമിപോലും വിട്ടുനല്‍കാനാവില്ലെന്നും അലൈന്‍മെന്റ് അന്തിമമാക്കിയത് റെയില്‍വേയുമായി ആശയവിനിമയം നടത്താതെയുമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അലൈന്‍മെന്റ് നിശ്ചയിക്കുംമുമ്പ് റെയില്‍വേയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാതയ്ക്ക് ഇരുവശവും ഭിത്തി നിര്‍മിക്കുന്നത് റെയില്‍വേ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, വടകര, തലശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങി എവിടെയും സില്‍വര്‍ ലൈന് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ സ്ഥലം നല്‍കാനാകില്ല. ഭാവിയില്‍ റെയില്‍വേയുടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയാണ് കണിയാപുരത്ത് സില്‍വര്‍ ലൈനായി ആവശ്യപ്പെട്ടിരിക്കുന്നത്.
സില്‍വര്‍ ലൈനായി 187 ഹെക്ടര്‍ ഭൂമിയാണ് വേണ്ടത്. പിന്നീട് ഇത് 107 ഹെക്ടര്‍ ഭൂമിയായി ചുരുങ്ങി. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കിയാല്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും റെയില്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌റ്റേഷനുകളുടെ വികസനം, ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, സിഗ്നലിങ് സംവിധാനം തുടങ്ങി കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി അനിവാര്യമാണ്. ഈ ഭൂമി വിട്ടുനല്‍കിയാല്‍ ഭാവിയില്‍ സ്‌റ്റേഷന്‍ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.
മറുപടിയുമായി കെ റെയില്‍
നിലവിലുള്ള ട്രാക്കില്‍നിന്ന് 7.8 മീറ്റര്‍ അകലം പാലിച്ചാണ് സില്‍വര്‍ ലൈനായി അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നതെന്നും പ്രധാന പാലങ്ങള്‍ വരുന്നിടത്തെല്ലാം നിലവിലുള്ള പാതയുമായി കൃത്യമായ അകലം പാലിച്ചിട്ടുണ്ടെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള പാത നാലുവരിപ്പാതയാകുമ്പോള്‍ സ്വീകരിക്കേണ്ട ഡിസൈന്‍ മാനദണ്ഡങ്ങളെല്ലാം ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാതയുടെ ഇരുവശത്തു അതിര്‍ത്തികളുണ്ടാക്കി പാത മുറിച്ചുകടക്കാനുള്ള ക്രോസ് വേകളുണ്ടാകുമെന്നും കെ റെയില്‍ അധികൃതര്‍ മറുപടിയില്‍ പറയുന്നു.