
ബഹിരാകാശ നടത്തം; പുതിയ റെക്കോര്‍ഡ് കുറിച്ച് സുനിത വില്ല്യംസ്
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ വംശജയായ സുനിത വില്ല്യംസ് കുറിച്ചു. ഒമ്പത് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുള്ള സുനിത 62 മണിക്കൂര്‍ ആറ് മിനിട്ടാണ് ബഹിരാകാശത്ത് ആകെ നടന്നിട്ടുള്ളത്. ഇന്ന് അഞ്ച് മണിക്കൂര്‍ 26 മിനിട്ടാണ് അവര്‍ നടന്നത്.
പത്ത് തവണ നടന്നിട്ടുള്ള പെഗ്ഗി വിറ്റ്‌സണിന്റെ റെക്കോര്‍ഡാണ് സുനിത തകര്‍ത്തത്. വിരമിച്ച ബഹിരാകാശ യാത്രികയായ പെഗ്ഗി 60 മണിക്കൂറും 21 മിനിട്ടും ആണ് നടന്നിട്ടുള്ളത്.
സുനിതയ്‌ക്കൊപ്പം ബഹിരാകാശത്ത് കുടുങ്ങിയിട്ടുള്ള ബുച്ച് വില്‍മോറും നടത്തത്തില്‍ പങ്കാളിയായി.
എട്ട് മാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഇരുവരും ഒരുമിച്ച് ഈ താമസകാലയളവില്‍ ആദ്യമായിട്ടാണ് നിലയത്തിന് പുറത്തിറങ്ങുന്നത്. സുനിത മുമ്പും പുറത്തിറങ്ങിയിരുന്നു.
ബഹിരാകാശ നിലയത്തിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ തകരാറ് ഇരുവരും ചേര്‍ന്ന് പരിഹരിച്ചു. കൂടാതെ, സ്റ്റേഷന്റെ പുറംഭാഗത്ത് ഏതെങ്കിലും സൂക്ഷ്മജീവികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടോയെന്ന് അറിയുന്നതിനായി പുറംഭാഗം തുടച്ച് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
ഭൂമിയില്‍ നിന്നും സ്‌റ്റേഷനിലെത്തിയശേഷം അവിടെത്തെ വെന്റുകളിലൂടെ പുറത്തേക്ക് കടന്ന സൂക്ഷ്മാണുക്കള്‍ക്കുവേണ്ടിയാണ് പരിശോധന നടത്തിയത്.
ഭൂമിയില്‍ നിന്നും 420 കിലോമീറ്റര്‍ ഉയരത്തിലാണ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരും ഒരാഴ്ച്ചത്തെ വാസത്തിനായി ബഹിരാകാശ നിലയത്തില്‍ എത്തിയത്. എന്നാല്‍, ഇവര്‍ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ക്യാപ്‌സൂള്‍ തകരാറിലായതിനെ തുടര്‍ന്ന് നാസ ഇരുവരേയും സ്റ്റേഷനില്‍ നിര്‍ത്തിയശഷം വാഹനം തിരികെ എത്തിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ അല്ലെങ്കില്‍ ഏപ്രില്‍ ആദ്യം ഇവരെ സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.