
സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു
സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ച് തകര്‍ന്നു. ടെക്‌സാസിലാണ് സംഭവം. ഈ വര്‍ഷം ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ റോക്കറ്റ് പദ്ധതിയില്‍ തുടര്‍ച്ചയായി തകരുന്ന രണ്ടാമത്തെ റോക്കറ്റാണിത്.
ഇതേതുടര്‍ന്ന് ഫ്‌ളോറിഡയിലെ വ്യോമഗതാഗതം നിര്‍ത്തിവച്ചു. തെക്കന്‍ ഫ്‌ളോറിഡയിലും ബഹാമാസിലും ആകാശത്ത് സ്റ്റാര്‍ഷിപ്പിന്റെ അവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എഞ്ചിനുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോക്കറ്റ് ആകാശത്ത് കറങ്ങാന്‍ തുടങ്ങി.
എട്ടാമത്തെ സ്റ്റാര്‍ഷിപ്പ് പരീക്ഷണമാണ് ഇന്ന് തകര്‍ന്നത്. ഏഴാമത്തേത് തകര്‍ന്ന് ഒരു മാസത്തിനുള്ളിലാണ് വീണ്ടും ഭീമന്‍ റോക്കറ്റ് തകര്‍ന്നത്.
ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള മസ്‌കിന്റെ പദ്ധതിയുടെ കേന്ദ്രമാണ് 123 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പ് റോക്കറ്റ്.
വിക്ഷേപണത്തെ തുടര്‍ന്ന് റോക്കറ്റിന്റെ ആദ്യ ഭാഗം വിജയകരമായി തിരികെ ഭൂമിയിലേക്ക് ഇറങ്ങുകയും സ്‌പേസ്എക്‌സിന്റെ ക്രെയ്ന്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, ഏതാനും നിമിഷങ്ങള്‍ക്കകം മുകള്‍ ഭാഗത്തിന്റെ നിയന്ത്രണം വിട്ട് പൊട്ടിത്തകര്‍ന്നു. കഴിഞ്ഞ തവണയും ഇതേ പ്രശ്‌നം തന്നെയാണ് സ്‌പേസ്ഷിപ്പ് നേരിട്ടത്.


