
ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തലാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സാഞ്ചസ് ഇക്കാര്യം പറഞ്ഞത്.
പശ്ചിമേഷ്യയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും വെളിച്ചത്തിൽ, അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ സർക്കാരിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കേണ്ടത് അടിയന്തിരമാണെന്ന് ഞാൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇത് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തോടും ഞാൻ നടത്തുന്ന അഭ്യർത്ഥനയാണ്. ഇസ്രായേലിന്റെ അക്രമം വർദ്ധിപ്പിക്കുന്നതിനും, ലെബനനിലും, വെസ്റ്റ് ബാങ്കിലും, ഗാസയിലും നടക്കുന്ന യുദ്ധം രൂക്ഷമാക്കുന്നതിന് ഒരു തരത്തിലും സംഭാവന നൽകാതിരിക്കുന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് 2023 ഒക്‌ടോബർ 7ന് ഇസ്രായലിനു നേരെ നടത്തിയ ആക്രമണത്തെ വിമർശിച്ച യൂറോപ്യൻ യൂണിയൻ നേതാക്കളിൽ ഒരാളാണ് സാഞ്ചസ്. ഇസ്രായേലിനുള്ള ആയുധവിതരണം നിർത്തണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടത്.
ബുധനാഴ്ച ലെബനനിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണങ്ങളെ അധിനിവേശം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം ഉടനടി ഇതിനെതിരെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.