സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം പീഡനമെന്ന് യുവതി
ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പങ്കാളിയുടെ കൈകള്‍ കെട്ടിയിട്ട ശേഷം കുറ്റവാളികള്‍ പീഡിപ്പിച്ചുവെന്ന സ്പാനിഷ് യുവതിയുടെ മൊഴി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏഴ് പ്രതികളുണ്ടെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. തിരിച്ചറിഞ്ഞ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതി ഇപ്പോള്‍ സരയാഹട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പങ്കാളിയോടൊപ്പം ഏഷ്യാ പര്യടനത്തിനിറങ്ങിയതായിരുന്നു യുവതി. ഇരുവരും ആദ്യം പാകിസ്ഥാന്‍ സന്ദര്‍ശിച്ച് ബംഗ്ലാദേശില്‍ എത്തിയ ശേഷമാണ് ദുംകയിലേക്ക് വരുന്നത്. വെസ്റ്റ് ബംഗാളില്‍ നിന്ന് ജാര്‍ഖണ്ഡ് വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ഇരുവരും. യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇരുവരും ദുംകയിലെ ഒരു ഗ്രാമത്തില്‍ ടെന്റ് കെട്ടി താമസിച്ചു. നേപ്പാളിലേക്കുള്ള യാത്രയില്‍ ബീഹാറിലെ ബഗല്‍പൂരിലേക്ക് തിരിക്കാനിരിക്കെ ടെന്റിന് സമീപം തടഞ്ഞുനിര്‍ത്തി 28 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ ദമ്പതികളെ മര്‍ദിക്കുകയും 10,000 രൂപ കൈക്കലാക്കുകയും ചെയ്തു. രാത്രിയില്‍ പട്രോളിംങ് നടത്തുകയായിരുന്ന പൊലീസ് ഇരുവരെയും നഗ്നരായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കുന്നു
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസ് അന്വേഷിക്കാനായി ഫൊറന്‍സിക് വിദഗ്ധരടക്കമുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ദുംക പൊലീസ് സൂപ്രണ്ട് പീതാംബര്‍ സിംഗ് ഖൈര്‍വാന്‍ പറഞ്ഞു. റാഞ്ചിയില്‍ നിന്നുള്ള ഫോറന്‍സിക്, സിഐഡി സംഘങ്ങള്‍ ആക്രമണം നടന്ന സ്ഥലത്ത് ഞായറാഴ്ച പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ദമ്പതികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയാണെന്ന് സൂചിപ്പിച്ച് പ്രതിപക്ഷമായ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചു. ദുംക എസ്പിയെ നീക്കണമെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം മംമ്ത കുമാരി പ്രതികരിച്ചു.