
പി രാജീവ് | Photo: Facebook
മന്ത്രി പി രാജീവിന് പാര്‍ലമെന്റില്‍ പ്രത്യേക പ്രശംസ, മലയാളിയെന്ന നിലയില്‍ അഭിമാനമെന്ന് രാജീവ്
രാജ്യസഭയിലെ പ്രത്യേകസമ്മേളനത്തില്‍ മന്ത്രി പി രാജീവിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഗോയല്‍ പി രാജീവിനെ പ്രത്യേകം ഓര്‍ത്തെടുത്ത് അനുമോദിച്ചത്. പഴയ പാര്‍ലമെന്റ് കെട്ടിടം അനവധി മികച്ച ചര്‍ച്ചകള്‍ക്കും പ്രസംഗങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വേദിയായിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. കാലങ്ങളോളം രാജ്യം ഓര്‍മ്മിക്കുന്ന അനവധി ചര്‍ച്ചകള്‍ സഭയില്‍ നടന്നിട്ടുണ്ട്. വാജ്പേയി, ദേവഗൗഡ, സുഷമാ സ്വരാജ് എന്നിവരെ ഈ ഘട്ടത്തില്‍ പിയൂഷ് ഗോയല്‍ പരാമര്‍ശിച്ചു. അതിന് പിന്നാലെയാണ് പ്രത്യേകമായി പേരെടുത്ത് പറഞ്ഞ് പി രാജീവിനെ മന്ത്രി പ്രശംസിച്ചത്. സിപിഎമ്മിന്റെ ഒരു എം പി ഉണ്ടായിരുന്നു, പി രാജീവ്. അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ മന്ത്രിയാണ്. വളരെ വലിയ തയ്യാറെടുപ്പുകള്‍ നടത്തി, പുതിയ പല കാര്യങ്ങളുമായാണ് അദ്ദേഹം അക്കാലത്ത് സഭയില്‍ എത്താറുള്ളത്. നമുക്ക് അറിയാത്ത പല കാര്യങ്ങളും അദ്ദേഹം അക്കാലത്ത് സഭയില്‍ അവതരിപ്പിക്കുമായിരുന്നു. അങ്ങനെ പല വിഷയങ്ങളും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടുണ്ട്. കേരളത്തിലോ ഡെല്‍ഹിയിലോ വച്ച് അദ്ദേഹത്തെ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും സന്തോഷം തോന്നും. മന്ത്രി പിയൂഷ് ഗോയല്‍ പ്രസംഗത്തില്‍ പറഞ്ഞു.
പിയൂഷ് ഗോയല്‍ തന്നെ പരാമര്‍ശിച്ച് പറഞ്ഞ കാര്യങ്ങളില്‍ വളരെ സന്തോഷമെന്ന് ഈ വീഡിയോ പങ്ക് വെച്ച് കൊണ്ട് പി രാജീവ് ഫെയ്സ്ബുക്കില്‍ എഴുതി.
''ആറു വര്‍ഷത്തെ രാജ്യസഭയിലെ പ്രവര്‍ത്തനം പൊതുജീവിതത്തിലെ ഏറ്റവും ജീവത്തായ അനുഭവങ്ങളുടേതാണ്. അന്ന് പ്രവര്‍ത്തിച്ച പാര്‍ലമെന്റ് മന്ദിരം സ്മാരകമായി. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭ കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. സഭാ നേതാവായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ പിന്നിട്ട വഴികളിലെ സംഭാവനകള്‍ അവതരിപ്പിച്ച പ്രസംഗത്തില്‍ എന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ പ്രത്യേകം പരാമര്‍ശിച്ചെന്ന് ചില എംപിമാര്‍ വിളിച്ചു പറഞ്ഞിരുന്നു. ഇന്നാണ് വീഡിയോ ലഭിച്ചത്. സഭ ഓര്‍മ്മിക്കുന്ന സംഭാവനകളില്‍ ഉള്‍പ്പെട്ടുവെന്നതില്‍ മലയാളിയെന്ന നിലയില്‍ പ്രത്യേക അഭിമാനം.''
2009 തൊട്ട് 2015 വരെയാണ് പി രാജീവ് രാജ്യസഭാ എംപി ആയിരുന്നത്. അരുണ്‍ ജെയ്റ്റ്ലി, ഗുലാം നബി ആസാദ് എന്നിങ്ങനെ പല നേതാക്കളും നേരത്തെയും പി രാജീവിന്റെ സഭാ ഇടപെടലുകളെ പരസ്യമായി അഭിനന്ദിച്ചിരുന്നു.