
മീസില്‍സ് റൂബെല്ല വാക്‌സിനേഷന് പ്രത്യേക ക്യാമ്പയിന്‍ നടത്തും: ആരോഗ്യമന്ത്രി
മീസില്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മേയ് 19 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസില്‍സ് റൂബെല്ല വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 6 ജില്ലകളില്‍, ജില്ലയില്‍ ആകമാനം പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. മറ്റ് 8 ജില്ലകളില്‍ വാക്‌സിനേഷന്‍ കവറേജ് കുറഞ്ഞ പ്രദേശങ്ങളില്‍ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളെ മീസില്‍സ് റൂബെല്ല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഈ ക്യാമ്പയിന്റെ ഭാഗമായി മീസില്‍സ്, റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും. ക്യാമ്പയിന്‍ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച്ചക്കാലം ഇതിനായി വാക്‌സിനേഷന്‍ സൗകര്യമൊരുക്കും.
പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് മൊബൈല്‍ വാക്‌സിനേഷന്‍ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്‌സിനേഷന്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മീസില്‍സ് റൂബെല്ല രോഗങ്ങളുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്‌സിന്‍ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്‌സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


