TMJ
searchnav-menu
post-thumbnail

TMJ Daily

ആഗോളവിപണിയെ ആകർഷിക്കാൻ സ്‌പൈസസ് പാർക്ക്

18 Oct 2023   |   2 min Read
TMJ News Desk

സംസ്ഥാന സർക്കാറിന് കീഴിലെ ആദ്യ സ്പൈസസ് പാർക്ക് ഇടുക്കിയുടെ മണ്ണിൽ ഒരുങ്ങിയിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമിക്കാനും, ആഗോള വിപണിയെ ആകർഷിക്കുന്ന തരത്തിലുള്ള ഗുണമേന്മയും വിപണന തന്ത്രങ്ങളും സ്വായത്തമാക്കാനും സംരംഭകരെ പ്രാപ്തരാക്കുകയാണ് ഈ പുതിയ ചുവടുവയ്പ്പിന്റെ ലക്ഷ്യം. 2021 ഒക്ടോബറിലാണ് സ്പൈസസ് പാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 2023 ആഗസ്റ്റോടെ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.

സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊടുപുഴ മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15.29 ഏക്കർ സ്ഥത്താണ് സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 കോടിയോളം മുടക്കിയാണ് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒക്ടോബർ 14 നായിരുന്നു പാർക്കിന്റെ ഉദ്ഘാടനം.

ആദ്യഘട്ട സജ്ജീകരണങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയിലെ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും സ്‌പൈസസ് പാർക്കിന്റെ ലക്ഷ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്പൈസസ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. മികച്ച റോഡ്, ശുദ്ധജല ലഭ്യത, പ്രത്യേകമായുള്ള വൈദ്യുതി ഫീഡർ ലൈൻ, സംഭരണ സംവിധാനം, സൈബർ കേന്ദ്രം, സമ്മേളന ഹാൾ, മലിനജലം സംസ്‌കരിക്കാനുള്ള കേന്ദ്രം, കാന്റീൻ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രം, മഴവെള്ള സംഭരണി എന്നിവയെല്ലാം പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആകെയുള്ള സ്ഥലത്തിന്റെ ഒമ്പതേക്കറാണ് വ്യവസായ പ്ലോട്ടുകളായി സംരംഭകർക്ക് നൽകുന്നത്. 15.29 ഏക്കർ വരുന്ന കിൻഫ്രാ പാർക്കിന്റെ 80 ശതമാനം സ്ഥലവും ഇതിനോടകം തന്നെ സംരംഭകർക്ക് നൽകി കഴിഞ്ഞു. ബ്രാഹ്‌മിൺസ് ഫുഡ്സ്, ഡിസി ബുക്ക്സ്, പരിശുദ്ധം ഗ്രൂപ്പ് എന്നിവർ പാർക്കിന്റെ വ്യവസായ യൂണിറ്റിൽ സ്ഥലം എടുത്തിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ പത്തേക്കർ സ്ഥലത്താണ് കിൻഫ്രയുടെ  വികസന പ്രവർത്തനങ്ങൾ നടത്തുക. ഇതിനു പുറമെ ഏഴ് ഏക്കർ സ്ഥലത്ത് സ്പൈസസ് ബോർഡുമായി ചേർന്ന് സുഗന്ധവ്യഞ്ജന മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനാണ് പദ്ധതി.

രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉടൻ

പാർക്കിന്റെ രണ്ടാംഘട്ട നിർമാണങ്ങൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു.  രണ്ടാംഘട്ടം ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പാർക്കിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിരുന്നു. ചെറുതോണിയിൽ ജലവിഭവ വകുപ്പ് നൽകിയ പത്തേക്കർ സ്ഥലത്ത് ഭക്ഷ്യസംസ്‌ക്കരണ പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ കാർഷിക രംഗത്തെ പരിപോഷിപ്പിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ് സ്പൈസസ് പാർക്ക്. സംസ്ഥാനത്തിന്റെ  ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ മത്സരശേഷി വർദ്ധിപ്പിക്കാൻ വ്യവസായ പാർക്കുകൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വലുപ്പത്തിൽ ചെറുതാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 75 ശതമാനവും നടക്കുന്നത് കേരളത്തിൽ നിന്നാണ്.


#Daily
Leave a comment