
പലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സ്പൈഡർമാൻ താരം ആൻഡ്രൂ ഗാർഫീൽഡ്
പലസ്തീനികൾക്കായി നമ്മൾ പ്രവർത്തിക്കണമെന്ന് സ്പൈഡർമാൻ താരം ആൻഡ്രൂ ഗാർഫീൽഡ്. അടിച്ചമർത്തപ്പെട്ടവർക്കും, ദുരിതത്തിൽ കഴിയുന്നവർക്കും, സ്വന്തമായി ഒന്നും തിരഞ്ഞെടുക്കാൻ കഴിയാത്തവർക്കും ലോകത്തിന്റെ ഭീകരതയിൽ നിന്നും മാന്യമായ ജീവിതം നയിക്കാനാകുന്ന സാഹചര്യങ്ങളിലേക്ക് എത്താനായി നമ്മൾ പ്രവർത്തിക്കണമെന്ന് ദി അമേസിങ് സ്പൈഡർമാൻ എന്ന സിനിമയിലെ താരമായ ഗാർഫീൽഡ് പറഞ്ഞു.
വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഹാപ്പി സാഡ് കൺഫ്യൂസ്ഡ് എന്ന പോഡ്‌കാസ്റ്റിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഗാർഫീൽഡ് പലസ്തീനായുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
ഗാർഫീൽഡ് മുമ്പും പലസ്തീൻകാർക്ക് തൻ്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ ആഴ്ച പലസ്തീനിലെ സംഘർഷം ബാധിച്ചവരോടുള്ള തൻ്റെ സഹതാപം ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം തൻ്റെ നിലപാട് കൂടുതൽ വ്യക്തമാക്കിയത്.
ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഗാർഫീൽഡും മറ്റ് നിരവധി അഭിനേതാക്കളും ചേർന്ന് പ്രസിഡൻ്റ് ജോ ബൈഡന് ഒരു തുറന്ന കത്ത് നൽകിയിരുന്നു. ജോക്വിൻ ഫീനിക്സ്, ക്രിസ്റ്റൻ സ്റ്റുവാർട്ട്, ഓസ്കാർ ഐസക്ക്, കേറ്റ് ബ്ലാഞ്ചെറ്റ്, ജെറമി സ്ട്രോങ്, ക്വിൻ്റ ബ്രൺസൺ, അയോ എഡെബിരി, ഹസൻ മിൻഹാജ് എന്നിവരും കത്തിൽ ഒപ്പിട്ട മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു.