ആനിരാജ | PHOTO: FACEBOOK
മണിപ്പൂരിലേത് 'സ്‌പോണ്‍സേഡ് കലാപം', ആനിരാജ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരായി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇംഫാല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമാണെന്ന ആരോപണത്തിലാണ് കേസ്.
ആനി രാജയ്ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്‍ നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കേസിനെതിരെ ദീക്ഷ സുപ്രീംകോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീംകോടതി തടഞ്ഞു. സിപിഐയുടെ വനിതാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ പ്രതിനിധികളായാണ് മൂവരും മണിപ്പൂരിലെത്തിയത്.
പോരാട്ടം തുടരും; സര്‍ക്കാര്‍ പരാജയം
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കലാപമാണ് മണിപ്പൂരിലേതെന്ന ആനി രാജയുടെ പരാമര്‍ശം കലാപത്തിന് കൂടുതല്‍ പ്രേരണ നല്‍കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ നടത്തിയ പ്രതിഷേധം നാടകമായിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയും ആനി രാജയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജൂലൈ ഒന്നിന് ഇംഫാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആനി രാജയുടെ പ്രസ്താവന. എസ് ലിബെന്‍ സിങ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തന്റെ പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് ആനിരാജ പ്രതികരിച്ചു. നിയമ പോരാട്ടം നടത്തും. കേന്ദ്രസര്‍ക്കാര്‍ കൂടി പങ്കാളിയായ ഹിഡന്‍ അജണ്ട മണിപ്പൂരില്‍ നടപ്പിലാക്കപ്പെടുന്നു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ആനി രാജ പറഞ്ഞു.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം ആരംഭിച്ചത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 142 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് നല്‍കി. ആയിരത്തോളം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 6,745 പേരെ കസ്റ്റഡിയിലെടുത്തതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അശാന്തിക്കു പിന്നില്‍
മെയ്തി, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ രൂക്ഷമായത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തത്. മെയ്തികള്‍ പ്രധാനമായും ഹിന്ദുക്കളും കുക്കികള്‍ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭയിലെ 60 സീറ്റുകളില്‍ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ്‌വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാല്‍ കുക്കിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്.