
13 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു; പ്രതിഷേധിച്ച് ഇന്ത്യ
തമിഴ്നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമുള്ള 13 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്നുവെന്നും ശ്രീലങ്കയുടെ തീരത്ത് മത്സ്യബന്ധനം നടത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ്. ശ്രീലങ്കന്‍ നാവികസേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ശ്രീലങ്കയുടെ ന്യൂഡല്‍ഹിയിലെ ആക്ടിങ് ഹൈക്കമ്മീഷണറെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
കാരയ്ക്കല്‍ തുറമുഖത്തില്‍നിന്നും ഞായറാഴ്ച്ച രാവിലെ മത്സ്യബന്ധനത്തിനായി യാത്ര തിരിച്ച തൊഴിലാളികളെ തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്നത്. തൊഴിലാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വെടിവച്ചത്.
എന്നാല്‍, മത്സ്യബന്ധന തൊഴിലാളികള്‍ നാവികസേനയെ ആക്രമിച്ചുവെന്നും തോക്കുകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും നാവികസേനയുടെ പത്രപ്രസ്താവനയില്‍ പറയുന്നു. അബദ്ധത്തില്‍ വെടിവച്ചപ്പോഴാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതെന്നും പ്രസ്താവന വിശദീകരിക്കുന്നു.
ബോട്ടും ഉപകരണങ്ങളും മീനും നാവികസേന പിടിച്ചെടുത്തു. തൊഴിലാളികളെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവര്‍ക്ക് ജാഫ്‌നയിലെ ടീച്ചിങ് ഹോസ്പിറ്റലില്‍ ചികിത്സ നല്‍കി.