
വീണ്ടും ചരിത്രമെഴുതി ശ്രീലങ്ക, ദിസനായകെ എൻപിപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്
ശ്രീലങ്കൻ പാർലമെന്റിൽ മൂന്ന് സീറ്റിൽ നിന്ന് 137 സീറ്റുകളിൽ വിജയിച്ച് ചരിത്രമെഴുതി പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന എൻപിപി സഖ്യം. നിലവിൽ വന്ന റിപ്പോർട്ടുകളനുസരിച്ച് അനുര ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) സജിത്ത് പ്രേമദാസെ നേതൃത്വം നൽകുന്ന സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടി. 225 അംഗ പാര്‍ലമെന്റില്‍ 137 സീറ്റുകളാണ് എന്‍പിപി നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടുന്ന 113 സീറ്റുകളേക്കാൾ നിലവിൽ തന്നെ 24 സീറ്റ് കൂടുതൽ സ്വന്തമാക്കിയിട്ടുണ്ട് എൻപിപി. വോട്ടെണ്ണൽ പുരോഗമിക്കുന്ന 13 സീറ്റുകളിൽ ഭൂരിപക്ഷം സീറ്റുകളിലും എൻപിപി തന്നെയാണ് മുന്നിൽ. വോട്ടിങ് ശതമാനവും ഈ സീറ്റുകളിലെ ഫലവും അനുകൂലമായാൽ 150 ലേറെ സീറ്റുകൾ സ്വന്തമാക്കാൻ എൻ പി പി ക്ക് സാധ്യമാകും.
നിലവിൽ 54 സീറ്റുകൾ സ്വന്തമായിരുന്ന സജിത് പ്രേമദാസെ നയിക്കുന്ന എസ് ബി ജെയ്ക്ക് 35 സീറ്റുകളിൽ മാത്രമേ വിജയം കൈവരിക്കാനായുള്ളൂ. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ചി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്കപൊതുജന പെരമുന രണ്ടു സീറ്റുകളും നേടി. ഇതേസമയം ഭരണത്തിലുണ്ടായിരുന്ന എസ് എൽ പി പി യുടെ വിജയ വാർത്തകളൊന്നും വന്നിട്ടില്ല.
ശ്രീലങ്കയുടെ തിരഞ്ഞെടുപ്പ് രീതിയനുസരിച്ച് 225 അംഗ പാർലമെന്റിൽ 196 സീറ്റുകളിലേക്കാണ് നേരിട്ടുള്ള വോട്ടെടുപ്പിലൂടെ വിജയികളെ നിർണ്ണയിക്കുന്നത്. ശേഷിക്കുന്ന 29 സീറ്റുകളിൽ ഓരോ പാർട്ടിക്കും ലഭിച്ച വോട്ടിന്റെ ശതമാനം അനുസരിച്ച് വീതിച്ച് നൽകും. 8,800 സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ 1.71 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിച്ചത്.
സെപ്തംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേതിനേക്കാൾ കുറവായിരുന്നു വോട്ടിങ് ശതമാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് ആദ്യ ഘട്ടത്തിൽ നേടാനായത് 42 ശതമാനം വോട്ടാണ്. പ്രിഫറൻസ് വോട്ടിങ് രീതിയിൽ നടത്തുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ടിലാണ് അനുര ദിസനായകെ വിജയിച്ചത്.
2022 ൽ സാമ്പത്തികക്കുഴപ്പങ്ങൾ കാരണം അരാജകത്വത്തിലേക്ക് വീണ ശ്രീലങ്കയിൽ ഈ വർഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട റനിൽ വിക്രമസിംഗെയോ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. കഴിഞ്ഞ നാലര ദശകത്തിലെ എല്ലാ പാർലമെന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്ന റനിൽ വിക്രമസിംഗെ 1977 ന് ശേഷം ഇതാദ്യമായാണ് മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത്. രജപക്സെ സഹോദരന്മാരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയില്ല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2024 സെപ്റ്റംബര്‍ 24ന് അനുര ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിട്ടു.
മഹിന്ദ രജപക്സെ നേതൃത്വം നൽകുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ടിന് (എസ്എൽപിപിക്ക്) പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ 145 സീറ്റുകളുണ്ടായിരുന്നു. എസ്ജെബിക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ് ശ്രീധരൻ നേതൃത്വം നൽകുന്നഇലങ്കൈ തമിൾ അരസ് കച്ചിക്ക് (ഐടിഎകെ) 10 സീറ്റുകളും ഉണ്ടായിരുന്നു.