IMAGE | WIKI COMMONS
ജീവനക്കാരുടെ പണിമുടക്ക്: വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി എയര്‍ ഇന്ത്യ
ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. എഴുപതോളം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. മസ്‌ക്കറ്റ്, ഷാര്‍ജ, ദുബായ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്.
നെടുമ്പാശ്ശേരിയില്‍ നിന്ന് നാലും കണ്ണൂരില്‍ നിന്ന് മൂന്നും തിരുവനന്തപുരത്ത് നിന്നും മൂന്നും സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നെത്തേണ്ട വിമാനങ്ങളും റദ്ദാക്കി. രാവിലെ 11.50 നുള്ള ഷാര്‍ജ വിമാനം, 5.45 നുള്ള മസ്‌ക്കറ്റ് വിമാനം, 6.30 നുള്ള ബഹ്‌റൈന്‍ വിമാനം എന്നിവയാണ് റദ്ദാക്കിയ സര്‍വ്വീസുകള്‍. സര്‍വീസ് റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആളുകള്‍ പ്രതിഷേധിച്ചത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുകയോ, യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് റ്റാറ്റ ഏറ്റെടുത്ത ശേഷമുള്ള മാറ്റങ്ങളെ അംഗീകരിക്കാത്ത ഒരു വിഭാഗം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് പണിമുടക്കിയതെന്നാണ് വിവരം. കാബിന്‍ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നാണ് അധികൃതരുടെ ആരോപണം. അലവന്‍സ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്തതാണ് സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ കാരണമായത്.