പോഡ്കാസ്റ്റ് സീരീസുമായി സ്റ്റാലിന്‍; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം
സ്പീക്കിംങ് ഫോര്‍ ഇന്ത്യ എന്ന തന്റെ പോഡ്കാസ്റ്റ് സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തിറക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തിങ്കളാഴ്ച പുറത്തിറക്കിയ പോഡ്കാസ്റ്റില്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സ്റ്റാലിന്‍ ഉന്നയിച്ചത്. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ INDIA മുന്നണി വിജയിക്കണം എന്നും ഇല്ലെങ്കില്‍ രാജ്യം മുഴുവന്‍ മണിപ്പൂരാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിജെപി മതത്തെ ആയുധമാക്കുന്നു
പോഡ്കാസ്റ്റില്‍ എട്ട് മിനിറ്റാണ് സ്റ്റാലിന്‍ സംസാരിച്ചത്. സംസാരത്തില്‍ ഉടനീളം ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനേയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. ജനങ്ങളുടെ മനസ്സില്‍ വിദ്വേഷം നിറച്ചു. ബിജെപി മതവികാരം ആളിക്കത്തിക്കുകയും മതത്തെ തങ്ങളുടെ ആയുധമാക്കി മാറ്റുകയുമാണ് ബിജെപി ചെയ്യുന്നത് തുടങ്ങിയ ആരോപണങ്ങളാണ് സ്റ്റാലിന്‍ പ്രധാനമായും ഉയര്‍ത്തിയത്.
ഇന്ത്യയെ പുനഃസ്ഥാപിക്കണമെങ്കില്‍ INDIA ജയിക്കണം
2002 ല്‍ ബിജെപി ഗുജറാത്തില്‍ അക്രമത്തിന്റേയും വിദ്വേഷത്തിന്റേയും വിത്തുപാകി. 21 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ മണിപ്പൂരില്‍ ആളിക്കത്തിയ വിഭാഗീയത നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുകയാണ്, ഇതിപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയേയും ഇന്ത്യക്കാരേയും ആര്‍ക്കും രക്ഷിക്കാനാകില്ല. സാമൂഹ്യനീതി, മതേതര രാഷ്ട്രീയം, സോഷ്യലിസം, നാനാത്വത്തില്‍ ഏകത്വം എന്നിവ വളരുന്ന ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ. അത്തരം ഒരു ഇന്ത്യയെ പുനഃസ്ഥാപിക്കുന്നതിനായാണ് ഞങ്ങള്‍ INDIA സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഈ സഖ്യമാണ് ഇന്ത്യയെ രക്ഷിക്കാന്‍ പോകുന്നത്. ഇന്ത്യ മുഴുവന്‍ മണിപ്പൂരും ഹരിയാനയും ആകുന്നത് തടയണമെങ്കില്‍ INDIA സഖ്യം വിജയിക്കണം, അധികാര ദുര്‍വിനിയോഗത്തിലൂടെ പൊതുമേഖലയെ തങ്ങളുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ് ബിജെപി ചെയ്യുന്നത് എന്നും സ്റ്റാലിന്‍ പോഡ്കാസ്റ്റില്‍ പറയുന്നു. എന്നാല്‍ എംകെ സ്റ്റാലിന്‍ പോഡ്കാസ്റ്റിലൂടെ ഉന്നയിച്ച അവകാശ വാദങ്ങള്‍ തെറ്റാണെന്നും നുണ പ്രചാരണം മാത്രമാണെന്നുമുള്ള വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.