
ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു: അവന്തിക
താനും രാഹുലും സുഹൃത്തുക്കളായിരുന്ന സമയത്ത് താൻ അയച്ച് കൊടുത്ത ശബ്ദരേഖയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോൾ പുറത്ത് വിട്ടതെന്ന് അവന്തിക. തന്റെ ആരോപണങ്ങളിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും അവന്തിക പ്രതികരിച്ചു. വാട്ട്സാപ്പിൽ അയച്ച സന്ദേശം ആണ് രാഹുൽ ഇപ്പോൾ ഉപയോഗിക്കുന്നത്, ബാക്കിയെല്ലാം ടെലിഗ്രാമിലൂടെയാണ് അയക്കുന്നതെന്നും അവന്തിക കൂട്ടിച്ചേർത്തു.
“കുറച്ച് സമയത്തിന് ശേഷം തനിയെ ഡിലീറ്റ് ആവുന്ന തരത്തിലുള്ള സെറ്റിങ്ങിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ടെലിഗ്രാം ഉപയോഗിക്കുന്നത്. അത്തരം മെസേജുകൾ ഡിലീറ്റ് ആയതിനാൽ കാണിക്കാനാവുന്നില്ല. സുഹൃത്തുക്കളായിരുന്നത് കൊണ്ടാണ് റിപ്പോർട്ടറുടെ കൂടെയുള്ള തന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ താൻ അന്ന് രാഹുലിന് അയച്ച് കൊടുത്തത്,” അവന്തിക പ്രതികരിച്ചു.
അല്പസമയത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട രാഹുൽ ഒരു ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. തന്റെ കയ്യിലുള്ള അവന്തികയുടെ ശബ്ദരേഖ പുറത്തുവിട്ട രാഹുൽ, പാർട്ടിപ്രവർത്തകർ താൻ കാരണം തലകുനിക്കേണ്ടി വരുന്നത് ഉൾക്കൊള്ളാനാവില്ലെന്ന വൈകാരിക പ്രതികരണവും നടത്തി.


