
സ്റ്റാര്‍ലിങ്കിന് അനുമതി വേണമെങ്കില്‍ മാപ്പ് പറയണം; മസ്‌കിനോട് പാക് എംപിമാര്‍
പാകിസ്ഥാനില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തനാനുമതി വേണമെങ്കില്‍ പാക് വിരുദ്ധ പ്രചാരണം നടത്തിയതില്‍ സഹസ്രകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മാപ്പ് പറയണമെന്ന് പാക് എംപിമാര്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ ഉപയോക്താക്കളെ ലോഗോണ്‍ ചെയ്യാന്‍ അനുവദിക്കാനാകുന്നില്ല.
അപേക്ഷ പരിഗണിക്കുന്ന വിവര സാങ്കേതിക വിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ പാര്‍ലമെന്ററി കമ്മിറ്റി ബുധനാഴ്ച്ച എംപിമാരുടെ അഭിപ്രായം തേടിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മസ്‌ക് സമീപകാലത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പാകിസ്ഥാന്‍ വിരുദ്ധ പ്രചാരണമായതിനാല്‍ മസ്‌കിന് അനുമതി നല്‍കരുതെന്ന് അനവധി എംപിമാര്‍ ആവശ്യപ്പെട്ടുവെന്ന് കമ്മിറ്റിയുടെ അദ്ധ്യക്ഷയായ മുഹമ്മദ് സായ് ഖാന്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ വെള്ളക്കാരികള്‍ ബലാല്‍സംഗത്തിന് ഇരയാകുന്ന കേസുകളില്‍ കൂടുതലും പ്രതികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് മസ്‌ക് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
അദ്ദേഹം മാപ്പ് പറഞ്ഞാല്‍ അനുമതി നല്‍കാമെന്ന് എംപിമാര്‍ പറഞ്ഞതായി ഖാന്‍ പറയുന്നു. അതൊരു മുന്‍കൂര്‍ നിബന്ധനയാണെന്ന് തങ്ങള്‍ പറയുന്നില്ലെന്നും അത് ചര്‍ച്ചയുടെ ഭാഗമായിയെന്നും സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും ഖാന്‍ പറഞ്ഞു.
യുകെ സര്‍ക്കാരിന് എതിരായി മസ്‌ക് നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് പാകിസ്ഥാനും ഉള്‍പ്പെട്ടത്.