PHOTO: WIKI COMMONS
സംസ്ഥാന ബജറ്റ്, കേന്ദ്രം കേരളത്തോട് പുലര്‍ത്തുന്നത് ശത്രുതാപരമായ സമീപനം
സംസ്ഥാന ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം കേരളത്തോട് പുലര്‍ത്തുന്നത് ശത്രുതാപരമായ സമീപനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണന ഇനിയും തുടര്‍ന്നാല്‍ പ്ലാന്‍ ബി യെക്കുറിച്ച് ആലോചിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു
ബജറ്റ് നീണ്ടു നിന്നത് രണ്ടര മണിക്കൂര്‍
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച നാലാമത്തെ ബജറ്റ് നീണ്ടു നിന്നത് രണ്ടര മണിക്കൂര്‍. അദ്ദേഹം അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണ് 2024-25 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിന്റെ പുറം ചട്ടയില്‍ ആലേഘനം ചെയ്തിരിക്കുന്നത്. 'ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വള്ളത്തോളിന്റെ വരികള്‍ ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് അവസാനിപ്പിച്ചത്.
രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ വഴി ബജറ്റിന്റെ പവിത്രത നശിപ്പിച്ചു
ബജറ്റില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ക്ഷേമപ്രഖ്യാപനങ്ങള്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രത നശിപ്പിച്ചതായും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേരള സമ്പദ്ഘടനയില്‍ ഒരു ചലനവുമുണ്ടാക്കാത്ത ബജറ്റ് ആണെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.
കേന്ദ്ര സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ബജറ്റില്‍ സര്‍ക്കാര്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനത്തെ മാധ്യമങ്ങളും പ്രതിപക്ഷവും മനസ്സിലാക്കുന്നില്ലെന്നും കേന്ദ്രാവഗണനയ്‌ക്കെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാവണം എന്നും ബജറ്റില്‍ പറയുന്നു.
ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല
2021 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരുമ്പോഴുള്ള പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും എന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റിലും പെന്‍ഷന്‍ തുക കൂട്ടിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷം ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുത്ത് തീര്‍ക്കുമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികള്‍ മൂലമാണ് പെന്‍ഷന്‍ വൈകുന്ന നിലയുണ്ടായതെന്നും മന്ത്രി ബജറ്റിലൂടെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പങ്കാളിത്തം
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പങ്കാളിത്തം എന്ന വഴി തുറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ നിക്ഷേപത്തിലൂടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയാണെന്നും ബജറ്റില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് 2024-25, 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു
1,38,655 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ പ്രതീക്ഷിക്കുന്ന ചെലവ് 1,84,327 രൂപയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ബജറ്റില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് 250 കോടി രൂപ നല്‍കുമെന്നും പറയുന്നു. പൊതുവിദ്യാഭ്യാസത്തിനായി വിലയിരുത്തിയത് 1032 കോടി രൂപയാണ്. കാര്‍ഷിക മേഖലയ്ക്ക് 1697 കോടി രൂപ അനുവദിച്ചപ്പോള്‍ റബര്‍ താങ്ങുവില 180 രൂപയാക്കി. അതിദാരിദ്ര്യ നിര്‍മ്മാജനത്തിന് 50 കോടിയും ലൈഫ് മിഷന് 1132 കോടി രൂപയും അനുവദിച്ചു. തൊഴിലുറപ്പിന് 3496.5 കോടി രൂപ വേദനം ലഭ്യമാക്കുന്നതിനായി സംസ്ഥാന വിഹിതമായി 230 കോടി രൂപ വിലയിരുത്തി. സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപയാണ് അനുവദിച്ചത്. വിനോദ സഞ്ചാര മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത് 354.12 കോടി രൂപയാണ്, കെ എസ് ആര്‍ ടി സി ക്കായി 128.54 കോടി രൂപയും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടിയപ്പോള്‍ ടൂറിസ്റ്റ് ബസ്സിന്റെ നികുതി കുറച്ചിട്ടുണ്ട്. വിവിധ മ്യൂസിയങ്ങള്‍ക്കുള്‍പ്പെടെ കല സാംസ്‌കാരിക രംഗത്തിന് അനുവദിച്ചത് 170.49 കോടി രൂപയാണ്. കേരളീയം നാടിന്റെ നന്മ പറയുന്ന പദ്ധതിയാണെന്നും 2024-25 വര്‍ഷത്തെ കേരളീയത്തിന് പത്തുകോടി രൂപ മാറ്റിവയ്ക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.