
സംസ്ഥാനം എസ് സി, എസ് ടി പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നു: വി ഡി സതീശന്‍
എസ് സി വിഭാഗത്തിന് 10 ശതമാനവും എസ് ടി വിഭാഗത്തിന് രണ്ട് ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഇത്തരത്തില്‍ നല്‍കിയ പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത് കുട്ടികളുടെ വിദ്യാഭ്യാസവും പാര്‍പ്പിട പദ്ധതിയും അടക്കമുള്ള ക്ഷേമ പദ്ധതികളെയും ബാധിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി പദ്ധതി അടങ്കലില്‍ വളര്‍ച്ചയില്ലെന്നും മറ്റു പല സംസ്ഥാനങ്ങളും 20 ശതമാനത്തില്‍ അധികം വളര്‍ച്ച നേടുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്തിക്കൊണ്ട് പറഞ്ഞു.
പദ്ധതി അടങ്കല്‍ വര്‍ധിക്കാതിരിക്കുമ്പോള്‍ അത് എസ് സി, എസ് ടി വിഭാഗങ്ങളെ ബാധിക്കും. മൂന്ന് നാല് വര്‍ഷമായി ഈ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന വിഹിതത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. അതിനിടയിലാണ് നിലവിലുള്ള പദ്ധതി വിഹിതവും വെട്ടിച്ചുരുക്കുന്നത്. എന്നിട്ടും ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ലെന്നാണ് മന്ത്രി ആവര്‍ത്തിച്ച് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജനുവരി 22 ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ എസ് ടി വിഭാഗത്തിന്റെ പദ്ധതി വിഹിതം വ്യാപകമായി വെട്ടിക്കുറച്ചു. വിഹിതം വെട്ടിക്കുറച്ചിട്ടാണ് മുന്‍ഗണനാക്രമം മാത്രമാണ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.
240 ലക്ഷമുള്ള പദ്ധതി 200 ലക്ഷമാക്കി കുറച്ചു. ചില പദ്ധതികള്‍ പൂര്‍ണമായും ഒഴിവാക്കി. 25 കോടിയായിരുന്ന പദ്ധതി 20 കോടിയാക്കി. 50 കോടി ഉണ്ടായിരുന്നത് വേണ്ടെന്നു വച്ചു. ഇത്തരത്തില്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. എന്നിട്ടാണ് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി മന്ത്രി പ്രസംഗിക്കുന്നത്. 502 കോടിയുടെ എസ് ടി പദ്ധതികള്‍ 390 കോടിയായി വെട്ടിച്ചുരുക്കി. 111 കോടി 76 ലക്ഷം രൂപയുടെ പദ്ധതികളാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ഈ ജനുവരിയില്‍ സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. എന്നിട്ടും ഒന്നും വെട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.
മൂന്നു ദിവസം കഴിഞ്ഞ് ജനുവരി 25 ന് എസ് ടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി വിഹിതവും വെട്ടിക്കുറച്ച് ഉത്തരവിറക്കി. 1,370 കോടിയുടെ പദ്ധതികള്‍ 920 കോടിയാക്കി കുറച്ചു. 449 കോടി 89 ലക്ഷം രൂപയാണ് വെട്ടിച്ചുരുക്കിയതെന്ന് സതീശന്‍ പറഞ്ഞു.