പകര്‍ച്ചവ്യാധി ആശങ്കയില്‍ സംസ്ഥാനം; എട്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ എട്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. പതിനാല് പേര്‍ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം സ്വദേശികളായ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്കുമാണ് നിലവില്‍ കോളറ ബാധിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ കെയര്‍ ഹോമിലെ പത്ത് വയസുകാരനില്‍ ആദ്യം രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് സ്ഥാപനം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്.
സംസ്ഥാനത്തിന്റെ മറ്റ് മേഖലകളില്‍ കോളറ ലക്ഷണങ്ങളോടെ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡി.എം.ഒ മാരുടെ നേതൃത്വത്തില്‍ 15 അംഗ ടീമിനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് കോളറ. ഈ ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന സിടിഎക്സ് എന്ന വിഷാംശമാണ് രോഗത്തിന് കാരണമാകുന്നത്. ഛര്‍ദിയും വയറിളക്കവും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് രോഗം ഗുരുതരമാവുക. കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്‍പത് പേര്‍ക്കാണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്.
പ്രതിദിനം 13,000 പനി ബാധിതര്‍
സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തിലും മൂന്ന് ദിവസത്തിനിടെ വര്‍ദ്ധനവുണ്ടായിട്ടുള്ളതായും പ്രതിദിനം 13,000 ത്തിലധികം പേര്‍ക്ക് പനിബാധിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 145 പേര്‍ക്ക് ഡെങ്കിപ്പനിയും 10 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചു. 30 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.