
ഒരു ജോലിയും ചെയ്യാത്തവര്‍ക്ക് കൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പണമുണ്ട്, വിരമിച്ച ജഡ്ജിമാര്‍ക്ക് കൊടുക്കാനില്ല: സുപ്രീംകോടതി
ഒരു ജോലിയും ചെയ്യാത്തവര്‍ക്ക് സൗജന്യമായി സാധനങ്ങള്‍ കൊടുക്കാനുള്ള പണം സംസ്ഥാനങ്ങള്‍ക്കുണ്ട്, എന്നാല്‍ ജില്ലാ ജുഡീഷ്യറിയിലെ ജഡ്ജിമാര്‍ക്ക് ശമ്പളും പെന്‍ഷനും നല്‍കേണ്ടി വരുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് പറയുകയും ചെയ്യുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.
ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി പറഞ്ഞപ്പോഴാണ് ജസ്റ്റിസ് ബി ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയും ആണ് ഈ അഭിപ്രായം വാചികമായി രേഖപ്പെടുത്തിയത്.
ഒരു ജോലിയും ചെയ്യാത്തവര്‍ക്ക് കൊടുക്കാനുള്ള പണം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ സ്ഥിരമായൊരു തുക നല്‍കുന്ന പദ്ധതികള്‍ പോലുള്ളവ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ 2500 രൂപ വീതം നല്‍കുമെന്ന് ഏതോ പാര്‍ട്ടിയോ മറ്റോ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സത്യസന്ധമായ സാമ്പത്തിക ആശങ്കകള്‍ പരിഗണിക്കണമെന്ന് വെങ്കടരമണി കോടതിയോട് പറഞ്ഞു. വിരമിച്ച ജഡ്ജിമാരുടെ പെന്‍ഷന്‍ സംബന്ധിച്ച് ഓള്‍ ഇന്ത്യ ജഡ്ജസ് അസോസിയേഷന്‍ 2015-ല്‍ സമര്‍പ്പിച്ച ഒരു ഹര്‍ജി കേള്‍ക്കുമ്പോഴാണ് കോടതി ഇപ്രകാരം പറഞ്ഞത്.
ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചില ജഡ്ജിമാര്‍ക്ക് പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള പെന്‍ഷനാണ് ലഭിക്കുന്നതെന്നും ഇത് ദയനീയമാണെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിട്ടുണ്ട്.