
ജന്മാവകാശ പൗരത്വം റദ്ദാക്കലിന് സ്റ്റേ: അപ്പീല്‍ നല്‍കുമെന്ന് ട്രംപ്
യുഎസില്‍ ജന്മാവകാശ പൗരത്വം റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 'തീര്‍ച്ചയായും ഞങ്ങള്‍ അപ്പീല്‍ നല്‍കും,' ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോടായി അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ ഉത്തരവ് നഗ്നമായ ഭരണാഘടനാവിരുദ്ധം എന്ന് പറഞ്ഞു കൊണ്ട് വാഷിങ്ടണ്‍ സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജ് ജോണ്‍ കൗഗെനൂര്‍ ആണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
അരിസോണ, ഇല്ലിനോയിസ്, ഒറെഗോണ്‍, വാഷിങ്ടണ്‍ സംസ്ഥാനങ്ങളാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആകെ 22 സംസ്ഥാനങ്ങള്‍ ട്രംപിന്റെ ഉത്തരവിനെതിരെ രംഗത്ത് എത്തിയിരുന്നു. ഈ സംസ്ഥാനങ്ങളും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും കേസുകള്‍ നല്‍കിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ അഭിഭാഷകന്‍ ബ്രെറ്റ് ഷൂമേറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ജഡ്ജി വാദം തുടങ്ങിയത്. തന്റെ 40 വര്‍ഷത്തെ കരിയറില്‍ ഇങ്ങനെ വ്യക്തമായും ഭരണഘടനാ വിരുദ്ധമായ നടപടി കണ്ടിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു.
ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജനുവരി 20ന് ഒപ്പുവച്ച ഉത്തരവുകളില്‍ പ്രധാനപ്പെട്ടതാണ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ പ്രസവിക്കുന്ന കുട്ടികള്‍ക്ക് യുഎസില്‍ ജനിച്ചത് മൂലം അവിടെ പൗരത്വം ലഭിക്കുമെന്ന വ്യവസ്ഥ റദ്ദാക്കിയത്. 2022ല്‍ 2,55,000 കുഞ്ഞുങ്ങള്‍ക്കാണ് ഇപ്രകാരം പൗരത്വം ലഭിച്ചതെന്ന് സിയാറ്റില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നു. ഫെബ്രുവരി 19നാണ് ഈ ഉത്തരവ് നടപ്പില്‍ വരുന്നത്. അതിന് മുമ്പ് സിസേറിയന്‍ വഴി കുഞ്ഞിന് ജന്മം നല്‍കാന്‍ വേണ്ടി ധാരാളം സ്ത്രീകള്‍ ആശുപത്രികളെ സമീപിക്കുന്നുണ്ട്.
ഈ ഉത്തരവിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് ട്രംപിന്റെ വാദം.
അതേസമയം, യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതി പ്രകാരം യുഎസില്‍ ജനിക്കുന്നവര്‍ക്ക് യുഎസ് പൗരത്വം ഉറപ്പുനല്‍കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ അവകാശപ്പെടുന്നു. 1868ല്‍ ആഭ്യന്തരയുദ്ധത്തിനുശേഷമാണ് ഈ ഭേദഗതി നടപ്പിലാക്കിയത്.
ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് യുഎസില്‍ വച്ച് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കുകയില്ല.