PHOTO: WIKI COMMONS
നെസ്‌ലെ ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഓഹരി വിപണിയില്‍ ഇടിവ്
ലോക പ്രശസ്ത ബ്രാന്‍ഡായ നെസ്ലെയുടെ മുന്‍നിര ബേബി ഫുഡുകളില്‍ കൂടിയ അളവില്‍ പഞ്ചസാരയും തേനും ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉല്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വില്‍ക്കുന്ന കമ്പനിയുടെ ബേബി ഫുഡ് ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ജര്‍മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ നെസ്ലെ വില്‍ക്കുന്ന ബേബി ഫുഡുകളില്‍ പഞ്ചസാര ചേര്‍ത്തിട്ടില്ലെന്നും വികസ്വര രാജ്യങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നതായുമാണ് പബ്ലിക് ഐ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നെസ്ലെയുടെ സെറിലാക്കും നിഡോയുമാണ് വികസ്വര രാജ്യങ്ങളില്‍ ഏറ്റവും അധികം വില്‍പന നടത്തുന്നത്.
ഇന്ത്യയില്‍ വില്‍പന നടത്തുന്ന സെറിലാക്കിലും നിഡോയിലും മൂന്ന് ശതമാനത്തിലധികം പഞ്ചസാര അടങ്ങിയിട്ടുള്ളതായാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ആരോഗ്യരംഗത്തെ മാനദണ്ഡങ്ങള്‍ മറികടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഹരിയില്‍ ഇടിവ്
നെസ്‌ലെ ഇന്ത്യയില്‍ ചോക്ലേറ്റ്, നൂഡില്‍സ്, പാല്‍പ്പൊടി തുടങ്ങിയ നിരവധി ഉല്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. 6,815.73 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയില്‍ നെസ്‌ലെയുടെ ഓഹരികള്‍ അഞ്ച് ശതമാനം ഇടിഞ്ഞു. 2022 ല്‍ ഇന്ത്യയില്‍ 20,000 കോടി രൂപയായിരുന്നു നെസ്‌ലെയുടെ സെര്‍ലാക് ഉല്പന്നങ്ങളുടെ വില്‍പന.