REPRESENTATIONAL IMAGE
കാട്ടുതീയ്ക്കു പിന്നാലെ അമേരിക്കയില്‍ കൊടുങ്കാറ്റ്; ഹിലാരി ബാധിക്കുക 70 ലക്ഷത്തിലധികം ജനങ്ങളെ
ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹിലാരി അമേരിക്കയിലും തെക്കന്‍ കാലിഫോര്‍ണിയയിലും വീശിയടിക്കുന്നതിനു പിന്നാലെ മെക്‌സിക്കോയിലേക്ക് പ്രവേശിക്കുന്നു. കൊടുങ്കാറ്റ് കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 70 ലക്ഷത്തിലധികം ജനങ്ങളെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.
ദക്ഷിണ കാലിഫോര്‍ണിയയില്‍ ഇത്തരത്തിലുള്ള കൊടുങ്കാറ്റ് ആദ്യമായാണ്. മണിക്കൂറില്‍ 110 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തെക്കന്‍ കാലിഫോര്‍ണിയയുടെ ഒരുഭാഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഹിലാരി കൊടുങ്കാറ്റ് മെക്‌സിക്കോയിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാന്താ റോസ പര്‍വതനിരകളെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിച്ചേക്കുമെന്നും സൂചനയുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
താളംതെറ്റി അമേരിക്ക
തെക്കന്‍ കാലിഫോര്‍ണിയയിലെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി അമേരിക്കന്‍-മെക്‌സിക്കോ അതിര്‍ത്തി മുതല്‍ ലോസ് ആഞ്ചല്‍സിന്റെ തെക്കന്‍ അതിര്‍ത്തിക്കു സമീപമുള്ള ബോള്‍സ ചിക്ക വരെയുള്ള സംസ്ഥാന ബീച്ചുകള്‍ അടച്ചിടുമെന്ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് പാര്‍ക്കുകള്‍ അറിയിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് 1,000 ലധികം വിമാനങ്ങള്‍ റദ്ദാക്കി. മെക്‌സിക്കോയിലെ ബജ കാലിഫോര്‍ണിയ തീരത്ത് ഇന്നലെ ഉച്ചയോടെയാണ് കൊടുങ്കാറ്റ് കരതൊട്ടത്.
ഹിലാരി കൊടുങ്കാറ്റ് അപൂര്‍വവും അപകടകരവുമാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കൊടുങ്കാറ്റ് ഇതിനോടകംതന്നെ മെക്‌സിക്കോയുടെ വരണ്ട ഉപദ്വീപിലുടനീളം വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. കൂടാതെ യുഎസ് അതിര്‍ത്തിക്ക് തെക്ക് കുത്തനെയുള്ള മലഞ്ചെരിവുകളോട് ചേര്‍ന്നുനില്‍ക്കുന്ന വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നു. 84 വര്‍ഷത്തിനിടെ ദക്ഷിണ കാലിഫോര്‍ണിയയില്‍ വീശിയടിക്കുന്ന ആദ്യ ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് ഹിലാരി. യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നാശംവിതച്ച ഏറ്റവും പുതിയ കാലാവസ്ഥാ ദുരന്തമാണ് ഹിലാരി. എന്നാല്‍ ഹിലാരി അതിവേഗം ദുര്‍ബലമാകുന്നതായി അധികൃതര്‍ പറയുന്നു.
കൊടുങ്കാറ്റിനു പിന്നാലെ ഭൂചലനവും
ഹിലാരി കൊടുങ്കാറ്റിനു പിന്നാലെ ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയ്ക്കും വെഞ്ചുറയ്ക്കും ഇടയിലുള്ള ഒജായിയില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 20 സെക്കന്റ് നീണ്ടുനിന്ന ഭൂചലനത്തെ തുടര്‍ന്ന് രണ്ട് തുടര്‍ചലനങ്ങളുമുണ്ടായി.
തെക്കന്‍ കാലിഫോര്‍ണിയയില്‍ അവസാനമായി ഉഷ്ണമേഖലാ കൊടുങ്കാറ്റ് വീശിയത് 1939 ല്‍ ലോംഗ് ബീച്ചിലാണ്. അമേരിക്കയില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നവയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ കുറേ ദിവസമായി ഹവായി ദ്വീപ് കാട്ടുതീയില്‍ വെന്തുരുകുകയായിരുന്നു. അതിനിടെയാണ് ഹിലാരി കൊടുങ്കാറ്റും. കാട്ടുതീയില്‍ 111 പേരാണ് ഇതിനോടകം മരിച്ചത്.