
പോപ്‌കോണിന് ജിഎസ്ടി ഈടാക്കുന്നതിന് പകരം സമ്പദ് വ്യവസ്ഥയെ നേരെയാക്കൂ; കേന്ദ്രത്തോട് കോണ്‍ഗ്രസ്
നിരാശജനകമായ ഏറ്റവും പുതിയ ചരക്കു സേവന നികുതി (ജിഎസ്ടി) കണക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. പോപ്‌കോണിനുമേല്‍ നികുതി ഈടാക്കുന്നതിന് പകരം സമ്പദ് വ്യവസ്ഥയുടെ സങ്കീര്‍ണതകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇന്ത്യ കുറവ് ഉപഭോഗം- കുറവ് വളര്‍ച്ച, കുറഞ്ഞ ശമ്പളം എന്ന വിനാശകരമായ ചക്രത്തില്‍ കുരുങ്ങിയെന്ന് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ ഇന്ത്യയിലെ ദരിദ്രര്‍ക്ക് വരുമാനം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങളും മധ്യവര്‍ഗത്തിന് നികുതി ഇളവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച ന്യായ പത്രയില്‍ വിശദീകരിച്ചിരിക്കുന്ന ലളിതമായ ജിഎസ്ടി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ നിക്ഷേപത്തെ തടയുന്നതും സംരംഭകര്‍ രാജ്യം വിടുന്നതിലേക്ക് നയിക്കുന്നതുമായ നികുതി, അന്വേഷണ ഏജന്‍സി ഭീകരത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നര വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വേഗത്തിലാണ് ജിഎസ്ടി വളര്‍ച്ചയെന്നാണ് ഡിസംബറിലെ ജിഎസ്ടി കണക്കുകള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആശങ്കജനകമായ വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ ജിഎസ്ടി വരുമാനം 8.6% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ബജറ്റില്‍ 11% വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.