TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

തെരുവുനായ ശല്യം; നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ  

28 Jun 2023   |   2 min Read
TMJ News Desk

കേരളത്തിലുൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തെരുവ് നായ്ക്കളുടെ അക്രമം തടയുന്നതിനായി പുതിയ ബിൽ കൊണ്ടുവരാൻ കേന്ദ്രം. നിയമം ഉടൻ പാസാക്കുമെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാല പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ പ്രധാന നേട്ടങ്ങളും പുതിയ സംരംഭങ്ങളും സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവ് നായ്ക്കളുടെ ആക്രമണം മൂലം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ അവയെ വന്ധ്യംകരിക്കുന്നതിനായി നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികൾ വരുത്തി രാജ്യത്ത് എല്ലായിടത്തും ഒരേ നിയമം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ പൊതുജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ സംസ്ഥാനതല തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023ൽ മരണം 7, പ്രതിദിനം ആക്രമിക്കപ്പെടുന്നവർ 1000 വരെ

കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം ഈ വർഷം ഇതുവരെ 7 പേരാണ് മരിച്ചത്. ആറു മാസത്തിനിടെ നായകടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തോളം പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വെളിപ്പെടുത്തി. തെരുവുനായകളുടെയും വളർത്തുനായകളുടെയും കടിയേറ്റ് ജനുവരിക്കും മേയ് മാസത്തിനുമിടയിൽ 1,37,137 പേർ ചികിത്സ തേടി. മാസം കുറഞ്ഞത് 25,000 പേരെങ്കിലും നായകടിച്ചതിനെത്തുടർന്ന് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. പ്രതിദിനം 1000-ത്തോളം പേർ തെരുവുനായകളാൽ ആക്രമിക്കപ്പെടുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വളർത്തു നായകളുടെ കടിയേൽക്കുന്നവരിൽ പലരും ചികിത്സ തേടാത്തതിനാൽ ഈ കണക്കുകൾ കൂടാനാണ് സാധ്യത.

ദയാവധത്തിന് അനുമതി തേടി ഹർജി

വിഷയത്തിൽ, തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ജനങ്ങളുടെ ജീവനാണ് വില നൽകേണ്ടത് അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം എന്ന ആവശ്യം ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചത്. പ്രധാനമായും സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ജൂൺ 11ന് കണ്ണൂർ മുഴപ്പിലങ്ങാട് 10 വയസുകാരൻ നിഹാലിനെ തെരുവുനായ കടിച്ചുകീറി കൊന്നതും 19-ന് ജാൻവി എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

കണ്ണൂർ മുഴപ്പിലങ്ങാട് വെച്ച് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിഹാൽ നൗഷാദ് എന്ന പതിനൊന്നുകാരൻ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഭിന്നശേഷിക്കാരനായ, സംസാര ശേഷിയില്ലാത്ത കുട്ടിയെ നായ്ക്കൾ ആക്രമിച്ചതിനെ തുടർന്നായിരുന്നു മരണം. കാണാതായ കുട്ടിയെ നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാൽ കുട്ടിക്ക് നിലവിളിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് മുഴപ്പിലങ്ങാട് മറ്റൊരു കുട്ടിയും തെരുവുനായയുടെ അക്രമത്തിന് ഇരയാകുന്നത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കൾ ഓടിയെത്തിയതിനാൽ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

മുഴപ്പിലങ്ങാട് കെട്ടിനകം മേഖലയിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നായ കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചിരുന്നു.

രണ്ടു സംഭവങ്ങളും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഹർജി പരിഗണിക്കുന്നത് ജൂലൈ 12ലേക്ക് മാറ്റിയിരിക്കുകയാണ്. ദയാവധവും അപകടകാരികളായ നായ്ക്കൾക്കെതിരായ നടപടിയും ആവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതിയുടെ വിധി നിർണായകമാകും. അപകടകാരികളായ നായ്ക്കളെ നിയമപരമായി നേരിടാമെന്ന ബോംബെ ഹൈക്കോടതിയുടെ 2008-ലെ അനുകൂല വിധിയും 2006-ലെ  തദ്ദേശ സ്ഥാപനങ്ങൾക്ക് തെരുവുനായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് ഹർജിക്കാർ.

ഭീകരത വെളിപ്പെടുത്തുന്ന കണക്കുകൾ

സംസ്ഥാനത്ത് 2,89,986 തെരുവു നായകളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒരു ലക്ഷത്തോളം നായകൾ. എന്നാൽ സംസ്ഥാനത്തെ തെരുവുനായകകളുടെ എണ്ണം ചുരുങ്ങിയത് 5 ലക്ഷത്തിന് മുകളിലാണെന്ന് പ്രാദേശിക കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾ തന്നെ വ്യക്തമാണ്. ഇവയിൽ വന്ധ്യംകരിച്ചത് 18,852 എണ്ണത്തിനെ മാത്രമാണ്. 2022 സെപ്റ്റംബർ മുതൽ ഈ മാസം ആദ്യ വാരം വരെ 32,061 തെരുവുനായകൾക്കും 4,38,437 വളർത്തുനായകൾക്കും പേവിഷ പ്രതിരോധമരുന്ന് നല്കിയെന്നാണ് കണക്കുകൾ. പേവിഷ പ്രതിരോധവാക്സിൻ ഉപയോഗത്തിൽ 57 ശതമാനം വർധനയുണ്ടായെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. പ്രതിരോധമരുന്നും ഇമ്യൂണോഗ്ലോബുലിനും ആവശ്യത്തിന് ലഭ്യമാണ്. എ.പി.എൽ വിഭാഗത്തിലുള്ളവർക്ക് പ്രതിരോധമരുന്ന് സൗജന്യമായി നൽകുന്നത് നിർത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടെന്നും അധികൃതർ അറിയിച്ചു.


#Daily
Leave a comment