.jpg)
ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന വേണമെന്ന് ഹൈക്കോടതി
ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
2022ല്‍ കാസര്‍കോട് ഷവര്‍മ കഴിച്ച് 16 വയസുകാരി മരിച്ച സംഭവത്തിലാണ് നടപടി. കേസിന്റെ വിചാരണ കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നടന്നു വരികയാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. 2006 ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ആറു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ്. മരണം സംഭവിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ഇടക്കാല ആശ്വാസ ധനം നല്‍കണം. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാര കാര്യത്തില്‍ വൈകാതെ ഉത്തരവിടാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ലൈസന്‍സില്ലാതെ ഷവര്‍മ വിറ്റാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.