TMJ
searchnav-menu
post-thumbnail

TMJ Daily

പണിമുടക്ക് തുടരുന്നു : സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ, ജീവനക്കാരെ പിരിച്ചുവിട്ടു

09 May 2024   |   1 min Read
TMJ News Desk

യര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സമരത്തെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. സമരം ചെയ്ത ക്യാബിന്‍ ക്രൂ ജീവനക്കാരില്‍ ചിലരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. സര്‍വീസ് തടസ്സപ്പെടുത്തുക എന്ന പൊതു ഉദ്ദേശ്യത്തോടെ യാത്രക്കാരെയും കമ്പനിയെയും ബാധിക്കുന്ന രീതിയില്‍ പൊതു അവധിയെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സര്‍വ്വീസുകള്‍ മെയ് 13 ന് ശേഷം തുടരുമെന്ന് കമ്പനി യാത്രക്കാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 90 ലധികം വിമാന സര്‍വീസുകളാണ് ബുധനാഴ്ച മുതല്‍ റദ്ദാക്കിയത്. 

എയര്‍ ഇന്ത്യയില്‍ തൊഴില്‍ നിയമത്തിന്റെ ലംഘനം നടന്നുവെന്ന് ഡല്‍ഹി റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ വിമര്‍ശിച്ചു. ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ത്ഥ്യമാണെന്നും അനുരഞ്ജന ചര്‍ച്ചകള്‍ക്ക്് ഉത്തരവാദപ്പെട്ട ആരെയും കമ്പനി നിയോഗിച്ചില്ലെന്നും ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി. ഡല്‍ഹി റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എയര്‍ ഇന്ത്യ ചെയര്‍മാന് അയച്ച ഇമെയിലിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ക്യാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ചയുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

വലഞ്ഞ് യാത്രക്കാര്‍ 

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് 80 ലധികം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. മസ്‌ക്കറ്റ്, ഷാര്‍ജ, ദുബായ്, അബുദാബി സര്‍വീസുകളാണ് റദ്ദാക്കിയത്. 

നെടുമ്പാശ്ശേരിയില്‍ നിന്ന് നാലും കണ്ണൂരില്‍ നിന്ന് മൂന്നും തിരുവനന്തപുരത്ത് നിന്നും മൂന്നും സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. രാവിലെ 11.50 നുള്ള ഷാര്‍ജ വിമാനം, 5.45 നുള്ള മസ്‌ക്കറ്റ് വിമാനം, 6.30 നുള്ള ബഹ്റൈന്‍ വിമാനം എന്നിവയാണ് റദ്ദാക്കിയ സര്‍വ്വീസുകള്‍. സര്‍വീസ് റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആളുകള്‍ പ്രതിഷേധിച്ചത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുകയോ, യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് റ്റാറ്റ ഏറ്റെടുത്ത ശേഷമുള്ള മാറ്റങ്ങളെ അംഗീകരിക്കാത്ത ഒരു വിഭാഗം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് പണിമുടക്കിയതെന്നാണ് വിവരം. കാബിന്‍ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നാണ് അധികൃതരുടെ ആരോപണം. അലവന്‍സ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്തതാണ് സര്‍വീസുകള്‍ റദ്ദ് ചെയ്യാന്‍ കാരണമായത്.


#Daily
Leave a comment