PHOTO: PTI
തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
തായ്‌വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയിയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ പലതും
തകര്‍ന്നുവീണു. ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെ ഹുവാലിയനില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറായി 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നുമീറ്റര്‍ ഉയരത്തില്‍ വരെ സുനാമി തിരകള്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
1999 ന് ശേഷമുള്ള ശക്തമായ ഭൂകമ്പം
1999 ല്‍ 7.6 തീവ്രതയുള്ള ഭൂകമ്പമാണ് തായ്‌വാനില്‍ അനുഭവപ്പെട്ടത്. 2,400 പേര്‍ അന്ന് മരിച്ചിരുന്നു. 50,000 ത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നത്. 1999 ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ്വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.