PHOTO: PTI
ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം
ജപ്പാനില്‍ വന്‍ ഭൂചലനം. മധ്യജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷികാവയിലെ നോട്ടോ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. ഒന്നരമണിക്കൂറിനിടെ 21 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി.
അഞ്ചുമീറ്റര്‍ ഉയരത്തില്‍ തിരമാലകളെത്താമെന്നാണ് അറിയിപ്പ്. ഇഷികാവ, നൈഗറ്റ, ടൊയാമ പ്രവിശ്യകളിലെ തീരമേഖലകളിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. നിലവില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പ്രദേശത്തെ വൈദ്യുതിബന്ധവും തകരാറിലായി. അപകടകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജപ്പാനിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം തുറന്നു. കൊറിയയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ വ്‌ളാഡിവോസ്‌റ്റോക്ക്, നഖോഡ്ക, സഖാലിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കടലിന് സമീപത്തുള്ള മേഖലകളാണിവ.
റിയാക്ടറുകള്‍ക്ക് ഭീഷണി
ഭൂകമ്പത്തെ തുടര്‍ന്ന് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ ഏതെങ്കിലും തരത്തില്‍ തകരാറുകളുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോകുരിക്കു ഇലക്ട്രിക് പവര്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഹിയിലെ കാന്‍സായി ഇലക്ട്രിക് പവറിലെയും ഫുക്കുയ് മേഖലയിലെ തകഹാമ പ്ലാന്റിലെയും അഞ്ച് സജീവ റിയാക്ടറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്ലാന്റ്. ഇഷികാവയിലെ ഹൊക്കുരിക്കുസ് ഷിക പ്ലാന്റിലെ രണ്ട് റിയാക്ടറുകള്‍ ഭൂചലനം ഉണ്ടാകുന്നതിനുമുമ്പ് പരിശോധനകള്‍ക്കായി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.
ഭൂകമ്പസാധ്യത കൂടിയ മേഖല
ലോകത്ത് ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. കഴിഞ്ഞദിവസം ജപ്പാന്‍ തീരത്ത് രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. രണ്ട് ചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്. രണ്ടാമത്തേത് 40 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടതെന്നും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ടെക്‌റ്റോണിക് പ്ലേറ്റ് ഇടപെടലുകള്‍ പതിവായി നടക്കുന്ന, അസ്ഥിരമായ പസഫിക് റിംഗ് ഓഫ് ഫയറിലുള്ള സ്ഥാനം കാരണം ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായാണ് ജപ്പാനെ കണക്കാക്കുന്നത്. ഡിസംബര്‍ ആദ്യം തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2011 ല്‍ ഉണ്ടായ ഭൂചലനത്തില്‍ ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പെടെ തകരാറ് സംഭവിച്ചിരുന്നു. ഇത് വന്‍ ആണവവികിരണ ചോര്‍ച്ചയ്ക്കും കാരണമായി.