
വിദ്യാർത്ഥി മരണം: പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാർട്ടപ്പാണെന്ന് എ കെ ശശീന്ദ്രൻ
മലപ്പുറം ജില്ലയിലെ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൊഴുപ്പിക്കാനുള്ള സ്റ്റാർട്ടപ്പ് ആയി കോൺഗ്രസ്സും ഐക്യ ജനാധിപത്യ മുന്നണിയും ദുരുപയോഗം ചെയ്യുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ബോധപൂർവമായ ഗൂഢാലോചനയാണ് ഈ വിഷയത്തിൽ യുഡിഎഫും, ബിജെപിയും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ദാരുണവും, വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. സംഭവം അറിഞ്ഞത് മുതൽ അത് സർക്കാരിന്റെയും, വനം വകുപ്പിന്റെയും വീഴ്ചയായി ചിത്രീകരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമാണ് യുഡിഎഫും, ബിജെപിയുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഒരിടത്തും വനം വകുപ്പ് വൈദ്യുതി ഉപയോഗിച്ചുള്ള ഫെൻസിംഗ് കെട്ടുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു ഇന്നലെയാണ് മരിച്ചത്. ബന്ധുക്കളായ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്.
മുഖ്യ പ്രതി അറസ്റ്റിൽ
അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയത്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് വിനീഷിന്റെ സ്ഥിരം പതിവാണെന്നും, കൂട്ടുകാരും, ബന്ധുക്കളും അതിൽ പങ്കാളികൾ ആണെന്നും ആരോപിക്കപ്പെടുന്നു.
ആര്യാടൻ ഷൗക്കത്ത് മാപ്പു പറയണം
വഴിക്കടവിൽ പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വന്യജീവി - മനുഷ്യ സംഘർഷമായി കാണാനാവില്ലെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. സംഭവം സർക്കാർ സ്പോൺസേർഡ‍് കൊലപാതകമാണെന്ന യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും ഷൗക്കത്ത് ഇക്കാര്യത്തിൽ മാപ്പ് പറയണമെന്നും അൻവർ പറഞ്ഞു. ഈ സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ആശുപത്രി റോഡ് ഉപരോധിച്ചുള്ള യുഡിഎഫ് പ്രകടനത്തെയും വിമർശിച്ചു.


