മദ്രാസ് ഐ.ഐ.ടി.യിൽ വിദ്യാർത്ഥി മരണപ്പെട്ടു; ആത്മഹത്യയെന്ന് സംശയം
മദ്രാസ് ഐ.ഐ.ടിയിൽ ഒരു മാസത്തിനിടയിൽ രണ്ടാമത്തെ വിദ്യാർത്ഥി കൂടി മരിച്ച നിലയിൽ കാണപ്പെട്ടു. ആത്മഹത്യയാണെന്നു സംശയിക്കുന്നു. രണ്ടാം വർഷ എംടെക് വിദ്യാർത്ഥി സ്റ്റീവൻ സണ്ണിയെ ആണ് ഇന്നലെ (ചൊവ്വാഴ്ച) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇതേ ദിവസം തന്നെ മറ്റൊരു വിദ്യാർത്ഥി ചെന്നൈ ക്യാമ്പസ്സിൽ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെന്നൈ ഐഐടി യിൽ 13 വിദ്ധ്യാർത്ഥികൾ ജീവനൊടുക്കി. 2019 ൽ മാത്രം അവിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം അഞ്ചാണ്.
ബോംബെ ഐ.ഐ.ടി.യിലും ദർശൻ സോളങ്കി എന്ന ഒന്നാം വർഷ എഞ്ചിനീയറിങ് വിദ്ധ്യാർത്ഥി കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടിയാണ് സോളങ്കി ആത്മഹത്യ ചെയ്തത്.
സ്റ്റീവൻ സണ്ണിയുടെ ആത്മഹത്യയെ തുടർന്ന് മദ്രാസ് ഐഐടി യിൽ വിദ്ധ്യാർത്ഥികൾ ഇന്നലെ രാത്രി പ്രതിഷേധം സംഘടിപ്പിച്ചു. പത്ത് ദിവസത്തിനുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ അഭിപ്രായം അറിയിക്കാൻ കഴിയുന്ന ഓപ്പൺ ഹൗസ് മീറ്റിംഗ് നടത്തുമെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.
ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മാനേജ്‌മെന്റ് നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കാമകോടി വീഴിനാഥൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഫാത്തിമ ലത്തീഫ് എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് 2019 ൽ ചെന്നൈ ഐ.ഐ.ടി. വൻ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.