TMJ
searchnav-menu
post-thumbnail

TMJ Daily

ബംഗ്ലാദേശില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം

24 Oct 2024   |   2 min Read
TMJ News Desk

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിക്കുമുന്നില്‍ പ്രക്ഷോഭം നടത്തി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രസിഡന്റിന്റെ വസതിയായ ബംഗ ഭവന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ സൈന്യം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസിഡന്റിന്റെ രാജിയടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ പല ഭാഗത്തും സമരം ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രി ഷെയിഖ് ഹസീനയുടെ 'ഫാസിസ്റ്റ്' ഭരണകൂടത്തിന്റെ അനുയായിയാണ് പുതിയ  പ്രസിഡന്റെന്നും അതിനാല്‍ മുഹമ്മദ് ഷഹാബുദ്ദീന്‍ രാജി വയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് (ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ്) സമരം നടത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയുടെ രാജിക്കത്ത് താന്‍ കണ്ടില്ലെന്ന് ഷഹാബുദ്ദീന്‍ ഈ ആഴ്ച ആദ്യം ഒരു ബംഗാളി പത്രത്തോട് പറഞ്ഞിരുന്നു. ഹസീനയുടെ രാജിയെക്കുറിച്ച് താന്‍ കേട്ടിരുന്നുവെന്നും എന്നാല്‍ കത്ത് കണ്ടിട്ടില്ലെന്നും അത് ലഭിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഷഹാബുദ്ദീന്‍ ദിനപത്രത്തോട് പറഞ്ഞു.  'ഒരുപക്ഷേ ഹസീനയ്ക്ക്  അതിനുള്ള സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം പത്രത്തോട് പറഞ്ഞിരുന്നു. ഈ പ്രസ്താവന മുഹമ്മദ് യൂനസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെയും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചു. തനിക്ക് കത്ത് ലഭിച്ചതായി ഷഹാബുദ്ദീന്‍ ഓഗസ്റ്റ് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പറഞ്ഞതിന് വിരുദ്ധമാണ് ഈ പ്രസ്താവനയെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

ബംഗ്ലാദേശ് ഭരണഘടന പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി രാജി പ്രസിഡന്റിന് രേഖാമൂലം സമര്‍പ്പിക്കണം. ജനുവരിയില്‍ ഹസീന തുടര്‍ച്ചയായി നാലാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹാബുദ്ദീനെ പ്രസിഡന്റായി നിയമിച്ചത്. ഓഗസ്റ്റ് എട്ടിന് ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.

വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഷഹാബുദ്ദീന് സ്ഥാനമൊഴിയുന്നതിന് രണ്ട് ദിവസത്തെ സമയപരിധി നിശ്ചയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നൂറുകണക്കിന് പ്രതിഷേധക്കാര്‍ തലസ്ഥാനമായ ധാക്കയില്‍ റാലി നടത്തി, മറ്റുള്ളവര്‍ പ്രസിഡന്റിന്റെ വസതി ഉപരോധിക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം ഇടക്കാല സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍  ഇന്ന് (വ്യാഴാഴ്ച ) മന്ത്രി സഭായോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഹസീന ആഗസ്റ്റ് അഞ്ചിന് രാജ്യം വിട്ടുപോയതിന് ശേഷം ആഗസ്റ്റ് എട്ടിനാണ് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തത്.


#Daily
Leave a comment