
ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി
നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടതെന്നും കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടാേ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തില്‍ മുഖ്യപ്രതിയായ പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വിനീഷ് നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്.


