TMJ
searchnav-menu
post-thumbnail

TMJ Daily

പൗരത്വനിയമ ഭേദഗതിക്കെതിരെ സ്‌കൂൾ വിദ്യാർത്ഥികളുടെ നാടകം; രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കർണാടക ഹൈക്കോടതി

14 Jun 2023   |   2 min Read
TMJ News Desk

പൗരത്വനിയമ ഭേദഗതിക്കെതിരെ സ്‌കൂൾ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചതിനെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനേജ്‌മെന്റ് ഭാരവാഹികൾക്കും എതിരെ എടുത്ത കേസാണ് ഹൈക്കോടതിയുടെ കൽബുർഗി ബെഞ്ച് റദ്ദാക്കിയത്. സംഭവത്തിൽ നാലാം ക്ലാസിലടക്കം പഠിക്കുന്ന വിദ്യാർത്ഥികളെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി നാടക അവതരണം

കർണാടകയിലെ ബീദറിലെ ഷഹീൻ ഉറുദു മീഡിയം പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾ 2020 ജനുവരി 21നാണ് നാടകം അവതരിപ്പിച്ചത്. സ്‌കൂളിലെ എൽ പി, യു പി ക്ലാസിലെ വിദ്യാർത്ഥികളാണ് നാടകത്തിന്റെ ഭാഗമായിരുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകളില്ലെങ്കിൽ ഈ നാട് വിട്ട് പോകേണ്ടി വരുമെന്നും, അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും നാടകത്തിൽ ഡയലോഗുകളുണ്ട്. പിന്നീട് സിഎഎ, എൻആർസി എന്നിവ പിൻവലിക്കുക എന്ന മുദ്രാവാക്യങ്ങളും കുട്ടികൾ മുഴക്കി. ഇത് രാജ്യദ്രോഹമാണെന്ന് കാട്ടിയാണ് ബിദർ ന്യൂ ടൗൺ പൊലീസ് അന്ന് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഫരീദ ബീഗത്തെയും നാടകത്തിൽ അഭിനയിച്ച ഒരു കുട്ടിയുടെ അമ്മ നസ്ബുന്നിസയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ജാമ്യം ലഭിച്ചത്. തുടർന്ന് സെഷൻസ് കോടതി വാദം കേട്ട ശേഷം ഇവരുടെ പേരിലുള്ള രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേസുകൾ റദ്ദാക്കുകയായിരുന്നു. എന്നാൽ മറ്റ് നാലു പേർക്കെതിരെയുള്ള കേസ് നിലനിന്നിരുന്നു. ഇതിനെതിരെ നല്കിയ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ കൽബുർഗി ബെഞ്ചിലെ സിംഗിൾ ബെഞ്ച് കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂൾ നാടകത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട ആവശ്യമില്ലെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കർണാടക ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുള്ള സുപ്രധാന വിധി.  

രാജ്യത്തെ വിഭജിക്കുന്ന നിയമം

2019 ഡിസംബർ 11നാണ് പാർലമെന്റിലെ ഇരുസഭകളും പൗരത്വ ബിൽ പാസാക്കുന്നത്. പിന്നീട് 2020 ജനുവരി 10ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിനെത്തുടർന്ന് പൗരത്വ ഭേദഗതി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി നിരവധി പ്രതിഷേധങ്ങളാണ് നടന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്തരമൊരു നിയമം. തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ദേശീയ പൗരത്വ രജിസ്റ്ററും ഒപ്പം ചർച്ചയായിരുന്നു.

കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം 2014 ഡിസംബർ 31-നോ അതിന് മുമ്പോ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളത്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കാതെ കേന്ദ്ര സർക്കാരിന് നിയമം നടപ്പിലാക്കാൻ കഴിയില്ല. നിയമനിർമാണം എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങളായി കണക്കാക്കുന്നവയാണ് ചട്ടങ്ങൾ.

പാർലമെന്റ് പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗ നിർദേശങ്ങൾ അനുസരിച്ച്, ഒരു ആക്ട് പ്രാബല്യത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ ചട്ടങ്ങൾ പരസ്യപ്പെടുത്തിയിരിക്കണം. എന്നാൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ അവ പരസ്യപ്പെടുത്തിയിട്ടില്ല. നിലവിൽ 1955ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയാണ് പൗരത്വം നിയന്ത്രിക്കുന്നത്. അഞ്ച് വർഷത്തിനിടെ 4,884 വിദേശ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 2020നെ അപേക്ഷിച്ച് 2021ൽ മൂന്നിരട്ടിയോളം വിദേശികൾക്ക് ഇന്ത്യൻ പൗരത്വം നല്കിയെന്നുമാണ് സർക്കാർ ലോക്‌സഭയിൽ അറിയിച്ചത്. 2017 മുതൽ 2021 വരെ യഥാക്രമം 817, 628, 987, 639, 1773 എന്നിങ്ങനെ വിദേശികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചുവെന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു.


#Daily
Leave a comment