
പാരസെറ്റാമോള്‍ മുതിര്‍ന്നവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം
മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഡോക്ടറുടെ കുറിപ്പില്ലാതെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മരുന്നായ പാരസെറ്റാമോള്‍ മുതിര്‍ന്നവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 65 വയസ്സിന് മുകളിലുള്ളവില്‍ ഉദരാശയ, ഹൃദയ, വൃക്ക സംബന്ധമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും.
പനിക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റാമോളിനെ സന്ധികളിലെ വേദനയ്ക്കും വീങ്ങലും ലക്ഷണങ്ങളായ ഓസ്റ്റിയോആര്‍ത്രൈറ്റിസ് ചികിത്സയ്ക്കും രോഗികള്‍ക്ക് നല്‍ക്കുന്നുണ്ട്. ഇതിനെ ഫലപ്രദവും താരതമ്യേന സുരക്ഷിതവും ലഭിക്കാന്‍ എളുപ്പവും ആയതിനാലാണ് നല്‍കുന്നത്.
ചില പഠനങ്ങള്‍ വേദനാസംഹാരിയെന്ന നിലയിലുള്ള പാരസെറ്റാമോളിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുമ്പോള്‍ മറ്റ് ചില പഠനങ്ങള്‍ പാരസെറ്റാമോള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ ഉദരത്തില്‍ അള്‍സര്‍, രക്തസ്രാവം പോലുള്ള പാര്‍ശഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി.
പാരസെറ്റാമോള്‍ പെപ്റ്റിക് അള്‍സര്‍ രക്തസ്രാവം, ഉദര-കുടല്‍ രക്തസ്രാവം എന്നിവയുടെ സാധ്യതയെ യഥാക്രമം 24%, 36% വര്‍ദ്ധിപ്പിക്കുന്നതായി യുകെയിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഈ മരുന്ന് കഴിക്കുന്നത് ഗുരുതരമായ വൃക്ക രോഗം 19% വര്‍ദ്ധിപ്പിക്കും. ഹൃദയാഘാത സാധ്യതയെ 9% ഉം അതിരക്തസമ്മര്‍ദ്ദം 7% ഉം വര്‍ദ്ധിപ്പിക്കും.
ഈ ഗവേഷണത്തില്‍ ഗവേഷകര്‍ പാരസെറ്റാമോള്‍ പതിവായി കഴിക്കുന്ന 1.8 ലക്ഷം പേരുടെ ആരോഗ്യ രേഖകള്‍ വിശകലനം ചെയ്തു. ഇവരുടെ വിവരങ്ങളെ പാരസെറ്റാമോള്‍ പതിവായി കഴിക്കാത്ത അതേ പ്രായത്തിലുള്ള 4.02 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളുമായി താരതമ്യം ചെയ്തു. 65 മുകളില്‍ പ്രായമുള്ളവരുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്.