പ്രൊ. സബ്യസാചി ദാസ് | PHOTO: FACEBOOK
തെരഞ്ഞെടുപ്പിലെ കൃത്രിമത്തെ കുറിച്ചുള്ള പഠനം: സബ്യസാചി ദാസ് രാജി നല്‍കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന് വഴിയൊരുക്കിയ 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന പഠനം തയ്യാറാക്കിയ അശോക യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസ് രാജി സമര്‍പ്പിച്ചതായി സൂചന. രാജി ഔദ്യോഗികമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ വിഷയത്തില്‍ അറിവുള്ള രണ്ടു പേര്‍ ദാസ് രാജി നല്‍കിയെന്ന് സ്ഥിരീകരിച്ചതായി ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
2023 ജൂലൈ 3 നാണ് ജനാധിപത്യത്തിന്റെ പിന്നോട്ടടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ (Democratic Backsliding in the World's Largest Democracy) എന്ന പേരിലുള്ള പഠനം പുറത്തുവന്നത്. തുടക്കത്തില്‍ അക്കാദമിക വൃത്തങ്ങളില്‍ ഒതുങ്ങി നിന്ന പഠനം താമസിയാതെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയതോടെ നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിജെപി നേതാക്കള്‍ പഠനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവാദം മൂര്‍ച്ഛിച്ചതോടെ പഠനവുമായി ബന്ധമില്ലെന്ന പ്രസ്താവന ആഗസ്റ്റ് 1-ന് യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ചു. മാത്രമല്ല ദാസിന്റെ പഠനത്തിന്റെ ഗുണമേന്മയില്‍ സംശയം ജനിപ്പിക്കുന്ന നിലപാടും യൂണിവേഴ്‌സിറ്റി സ്വീകരിച്ചു. പണ്ഡിതരുടെ വിലയിരുത്തലുകളോടെ പ്രശസ്തമായ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്ന ഗവേഷണങ്ങളെ അശോക വിലമതിക്കുന്നുവെന്നു അവകാശപ്പെട്ട സര്‍വകലാശാല അത്തരമൊരു വിമര്‍ശനാത്മക വിലയിരുത്തല്‍ ഈ പഠനത്തിന്റെ കാര്യത്തില്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പഠനം അക്കാദമിക ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യത്തിന് ഭീഷണി
തെരഞ്ഞെടുപ്പ് കൃത്രിമം വോട്ടിംഗ് യന്ത്രത്തില്‍ മാത്രം നടക്കുന്ന ഒന്നാണെന്ന ധാരണയെ തിരുത്തുന്നതാണ് 11 ലോകസഭാ സീറ്റുകളെ അടിസ്ഥാനമാക്കിയുള്ള ദാസിന്റെ 50-പേജുള്ള പഠനം. 2019 ലെ തെരഞ്ഞെടുപ്പിലെ അസ്വാഭാവികമായ പാറ്റേണുകള്‍ രേഖപ്പെടുത്തുക വഴി തെരഞ്ഞെടുപ്പ് കൃത്രിമം, കൃത്യമായ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രചാരണം വഴി തെരഞ്ഞെടുപ്പ് ഫലത്തെയും ഭൂരിപക്ഷത്തെയും കൃത്യമായി വിലയിരുത്താനുള്ള ഭരണകക്ഷിയുടെ ശേഷിയാണ് കൃത്യമായ നിയന്ത്രണം (precise control) എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്.
ഇഞ്ചോടിഞ്ചു മത്സരം നടന്ന പഠനവിധേയമാക്കിയ മണ്ഡലങ്ങളിലെ വിവിധ ഡാറ്റകള്‍ ശേഖരിച്ചു നടത്തിയ വിശകലനത്തില്‍ കൃത്രിമം നടന്നതിന്റെ തെളിവുകള്‍ ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. കൃത്യമായ നിയന്ത്രണമല്ല തെരഞ്ഞെടുപ്പ് കൃത്രിമമാണ് ഈ മണ്ഡലങ്ങളില്‍ വിജയത്തിന്റെ കാരണം. മുസ്ലീം ന്യുനപക്ഷ വോട്ടര്‍മാര്‍ക്ക് നേരെ പുലര്‍ത്തിയ വിവേചനം തെരഞ്ഞെടുപ്പ് കൃത്രിമമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഉദാസീനതയും അതിന് കാരണമായി. 'ജനാധിപത്യത്തിന്റെ ഭാവിയെ പറ്റി ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ നടപടികള്‍' എന്നും ദാസിന്റെ പഠനം വിലയിരുത്തുന്നു.
അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ 2015-ല്‍ ഡോക്ടറല്‍ ബിരുദം നേടിയ ദാസ് അശോക സര്‍വകലാശാലയില്‍ ചേരുന്നതിന് മുന്‍പ് ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷകനായിരുന്നു.
രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളില്‍ ഏറ്റവും പേരെടുത്ത ഒന്നായ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം ഹരിയാനയിലെ സോനെപ്പട്ടിലാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സര്‍വകലാശാലയുടെ ഇമേജ് അത്ര നല്ലതല്ല. പ്രതാപ് ഭാനു മേത്തയെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും രാജി സമര്‍പ്പിക്കാന്‍ 2021-ല്‍ നിര്‍ബന്ധിതമാക്കിയതും, അക്കാദമിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സൗരവ് ഗോസ്വാമി, ആദില്‍ മുസ്താഖ് ഷാ എന്നിവര്‍ 2016 ല്‍ രാജിവച്ചതും അതിനുള്ള ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപി വിമര്‍ശനമാണ് മേത്തയുടെ രാജിക്ക് പിന്നില്‍ എന്ന് കരുതപ്പെടുന്നു. കാശ്മീരില്‍ ഹിംസ അവസാനിപ്പിക്കണമെന്ന പ്രസ്താവനയില്‍ ഒപ്പുവച്ചതിന്റെ പേരില്‍ മറ്റു രണ്ടു പേരോടും രാജി ആവശ്യപ്പെടുകയായിരുന്നു.