
ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19ന്
ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന ദൗത്യം ജൂൺ 19ന് നടക്കുമെന്ന് കരുതപ്പെടുന്നു. പുതുക്കിയ തീയതി ഐഎസ്ആർഒ ആണ് അറിയിച്ചത്. ജൂൺ 11 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ദിവസം. വിക്ഷേപണ തീയതിയിൽ കാലതാമസമുണ്ടാക്കിയ ഫാൽക്കൺ 9 റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച ആക്സിയം സ്പേസ് കമ്പനി വിജയകരമായി പരിഹരിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
ആക്സിയം സ്പേസും, സ്പേസ് എക്സുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഫാൽക്കൺ 9 വിക്ഷേപണ വാഹനത്തിലെ പ്രശ്നം ഫലപ്രദമായി പരിഹരിച്ചതായി ഇരു ടീമുകളും വ്യക്തമാക്കിയതായി ഐഎസ്ആർഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. കൂടാതെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സെവാദ സർവീസ് മൊഡ്യൂളിലെ മർദ്ദത്തിലെ അപാകത നാസയുമായുള്ള സഹകരണത്തോടെ ആക്സിയം സ്പേസ് കൈകാര്യം ചെയ്യുന്നു. അതിനെ തുടർന്നാണ് ജൂൺ 19ന് വിക്ഷേപണത്തിനായി ആക്സിയം സ്പേസ് ലക്ഷ്യമിടുന്നത്.
കാലതാമസങ്ങൾ:
ബഹിരാകാശ യാത്രയിൽ ഇന്ത്യയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ആക്സിയം ദൗത്യത്തിന് ഓക്സിജൻ ചോർച്ചക്ക് പുറമെ മറ്റൊരു തിരിച്ചടിയും നേരിടേണ്ടി വന്നു, ജൂൺ 12ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ റഷ്യൻ മൊഡ്യൂളിനുള്ളിലെ ചോർച്ച പരിശോധിക്കുന്നതായി നാസ റിപ്പോർട്ട് ചെയ്തു. മെയ് 29നാണ് ആദ്യം വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും, സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ദ്രാവക ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം ജൂൺ 8, ജൂൺ 10, ജൂൺ 11 തീയതികളിലേക്ക് പലതവണ മാറ്റിവച്ചു.
ജൂൺ 12ന്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സെവാദ സർവീസ് മൊഡ്യൂളിന്റെ പിൻഭാഗത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഉയർന്നുവന്ന പുതിയ മർദ്ദം കൂടുതൽ വിശകലനം ചെയ്യുന്നതിനായി റോസ്കോസ്മോസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാസ പ്രഖ്യാപിച്ചു.
റഷ്യൻ മൊഡ്യൂളിലെ ചോർച്ച:
സ്റ്റേഷനിലെ ക്യാബിൻ പ്രഷർ ചോർച്ച പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റഷ്യൻ ബഹിരാകാശ ഏജൻസി നടത്തിവരികയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് റഷ്യൻ ക്രൂ അംഗങ്ങൾ അടുത്തിടെ 2000ൽ വിക്ഷേപിച്ച സെവാദ സർവീസ് മൊഡ്യൂളിന്റെ ഉൾഭാഗത്തെ ഭിത്തികൾ പരിശോധിച്ചു. അവർ നിരവധി ചോർച്ചകൾ അടച്ചു. നിലവിലെ ചോർച്ച നിരക്ക് നിർണ്ണയിക്കാൻ അളവുകൾ എടുക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ ഫലമായി ഇപ്പോൾ വിജയകരമായി മർദ്ദം നിലനിർത്തുന്നുണ്ടെന്ന് നാസ റിപ്പോർട്ട് ചെയ്തു.


