TMJ
searchnav-menu
post-thumbnail

TMJ Daily

ആഭ്യന്തര യുദ്ധം: സുഡാനില്‍ 500 കുട്ടികള്‍ പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട്

23 Aug 2023   |   2 min Read
TMJ News Desk

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനുശേഷം 500 കുട്ടികള്‍ പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവു മൂലം രോഗങ്ങളുള്ള 31,000 കുട്ടികള്‍ക്കു ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ല. സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏപ്രില്‍ 15 നാണു സുഡാനില്‍ സൈന്യവും പാരാമിലിട്ടറി സേനയും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റു നഗരങ്ങളിലുമാണു കലാപം രൂക്ഷമായത്. നാലായിരത്തോളം പേരാണ് ഇതുവരെ കലാപത്തില്‍ മരിച്ചത്. 44 ലക്ഷംപേര്‍ വിവിധയിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്.

ദുരിതം പേറുന്ന ജനത

2021 ഒക്‌ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചത്. സൈനിക മേധാവി അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനിക മേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളുടെയും ഏറ്റുമുട്ടലിനു കാരണം. ഇരുവരും ഒരുമിച്ചായിരുന്നു 2021 ല്‍ സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. പതിറ്റാണ്ടുകളുടെ സൈനിക ഭരണത്തിനുശേഷം ജനാധിപത്യ, സിവിലിയന്‍ സര്‍ക്കാരിനായി സുഡാന്‍ ജനതകള്‍ ശ്രമിക്കുന്നതിനിടെയാണ് സൈനിക കലാപം സുഡാനെ തകര്‍ത്തത്.

കലാപശേഷം സുഡാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വ്യാപകമായ ലൈംഗീകാതിക്രമങ്ങളാണ് ഉണ്ടായത്. സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യുദ്ധതന്ത്രത്തിന്റെ ഭാഗമായി നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ വിവിധ ലോകരാജ്യങ്ങളും രംഗത്തുവന്നിരുന്നു. യുദ്ധത്തില്‍ വിഷമിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വീണ്ടും പീഡിപ്പിക്കുന്ന നടപടി മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞത്.

2003 ല്‍ തുടങ്ങിയ ആഭ്യന്തരയുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് ലക്ഷക്കണക്കിനാളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നതിനിടയിലേക്കാണ് വീണ്ടും മറ്റൊരു കലാപം കൂടി പൊട്ടിപ്പുറപ്പെട്ടത്. ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം നേടിയതു മുതല്‍ സുഡാനിലെ വെടിയൊച്ചകള്‍ ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

സംഘര്‍ഷത്തിലെരിഞ്ഞ് സുഡാന്‍

മാസങ്ങളായ ആഭ്യന്തര കലാപമാണ് സുഡാനെ ദാരിദ്ര്യത്തിന്റെ പടുക്കുഴിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വലിയ രാജ്യങ്ങളിലൊന്നായ സുഡാന്‍, ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലുള്‍പ്പെട്ട ഒരു രാജ്യമാണ്. 46 ദശലക്ഷം ആളുകള്‍ക്ക്, ശരാശരി വാര്‍ഷിക വരുമാനം 750 ഡോളര്‍, ഏകദേശം അറുപതിനായിരം ഇന്ത്യന്‍ രൂപയാണ്. ജനാധിപത്യ സംവിധാനങ്ങളിലേക്ക് മാറാനുള്ള സുഡാന്‍ ജനതയുടെ ആഗ്രഹത്തിന് മങ്ങലേല്‍പ്പിച്ച് മാസങ്ങളായി ഇരുസേനകളും ഏറ്റുമുട്ടുകയാണ്. ഏപ്രില്‍ 15 ഓടു കൂടിയായിരുന്നു സൈന്യവും അര്‍ദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും(ആര്‍.എസ്.എഫ്) തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത്.

ആര്‍.എസ്.എഫ് സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ഡാഗ്ലോയ്ക്കുള്ള എതിര്‍പ്പാണ് പ്രശ്നങ്ങളുടെ തുടക്കം. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അബ്ദല്ല ഹംഡോക്കിന്റെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. അന്ന് സൈന്യത്തിനൊപ്പം സഖ്യകക്ഷിയായുണ്ടായിരുന്ന അര്‍ദ്ധസൈനീക വിഭാഗമായിരുന്നു ആര്‍.എസ്.എഫ്. പിന്നീട്, അധികാരതര്‍ക്കത്തില്‍  ഇരു സേനാവിഭാഗങ്ങള്‍ക്കിടയിലും ഭിന്നിപ്പ് രൂക്ഷമായി. പട്ടാള അട്ടിമറിയിലൂടെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള കരാറില്ലാതാക്കി. പ്രഖ്യാപിത കരാറിലെ സുപ്രധാന നിര്‍ദേശങ്ങളിലൊന്നാണ് സേനകളുടെ ലയനം.


#Daily
Leave a comment