Representational Image: PTI
സുഡാൻ സംഘർഷം; 3,400 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഓപ്പറേഷൻ കാവേരി, അവസാന സംഘം ബുധനാഴ്ചയോടെ രാജ്യത്തെത്തും
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇതുവരെ 3,400 ഇന്ത്യക്കാരെ ഓപ്പറേഷൻ കാവേരിയിലൂടെ രക്ഷപ്പെടുത്തി. സുഡാനിൽ നിന്ന് മറ്റ് രാജ്യങ്ങളും തങ്ങളുടെ പൗരരെ ഒഴിപ്പിക്കുന്നതിനുളള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ ഖാർത്തൂമിൽ ഏറ്റുമുട്ടൽ ശക്തമാകുമ്പോഴും ഇരുപക്ഷത്തുനിന്നുള്ള പ്രതിനിധികൾ സൗദി അറേബ്യയിൽ സമാധാന ചർച്ചകൾക്ക് തയാറാണെന്നുള്ള വിവരം യു എൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സമാധാന ഉടമ്പടിയിലൂടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനായിരിക്കും ചർച്ച ലക്ഷ്യം വെയ്ക്കുക.
ഓപ്പറേഷൻ കാവേരി
സൗദി അറേബ്യയുടെ സഹായത്തോടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മലയാളികളടക്കമുള്ള ആദ്യ സംഘം ഏപ്രിൽ 26ഓടെ രാജ്യത്തെത്തിയിരുന്നു. അവസാന ബാച്ചിലുള്ള ഇന്ത്യക്കാർ ബുധനാഴ്ചയോടെ മടങ്ങിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ സുഡാനിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ സാധിച്ചുവെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമയാന സേനയുടെ വിമാനങ്ങളെക്കൂടാതെ സൗദിയുടെ വിമാനസർവീസുകളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ ചരക്കു വിമാനങ്ങളുമാണ് ദൗത്യത്തിനായി രംഗത്തുള്ളത്. സൗദിയിലെ ജിദ്ദ വിമാനത്താവളത്തിൽ 2 സി 130ജെ വിമാനങ്ങൾ എത്തിച്ചിരുന്നു. രക്ഷപ്പെട്ടവരിൽ 32 മലയാളികൾ കൂടി ഇന്നലെ കൊച്ചിയിലെത്തി. സൗദിയിലെ ജിദ്ദ വഴിയാണ് ഇവർ നാട്ടിലേയ്ക്ക് മടങ്ങിയത്. ഇവർക്കൊപ്പം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 121 പേരും സംഘത്തിലുണ്ട്.
അതേസമയം സുഡാനിലെ പൗരൻമാരടക്കം എട്ട് ലക്ഷത്തിലേറെ പേർ രാജ്യം വിടുമെന്ന് ഐക്യരാഷ്ട്രസഭ മുന്നിറിയിപ്പ് നൽകി. സർക്കാർ ഏജൻസികളുമായി ചേർന്ന് യു എൻ തയാറാക്കിയ കണക്കുകളും റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ. 815,000ത്തിലധികം പേർ സുഡാനിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് നീങ്ങുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് യുഎൻഎച്ച്ആർ അസിസ്റ്റന്റ് ഹൈക്കമ്മീഷണർ റവൂഫ് മൗസൗ പറഞ്ഞു. രാജ്യത്തെ പൗരന്മാർ ഏഴ് അയൽരാജ്യങ്ങളിലേക്കായി പലായനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 73,000ത്തിലേറെ പേർ ഇതിനോടകം തന്നെ സുഡാൻ വിട്ടു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യം വിടുന്നവരിൽ 580,000 ത്തിലധികം പേർ സുഡാൻ പൗരരും ബാക്കിയുള്ളവർ കുടിയേറ്റക്കാരുമാണ്.
സംഘർഷമുഖരിതമായി സുഡാൻ
വടക്ക് കിഴക്കൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വലിയ രാജ്യങ്ങളിലൊന്നായ സുഡാൻ, ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിലിടം പിടിച്ച ഒരു രാജ്യമാണ്. 46 ദശലക്ഷം ആളുകൾ ശരാശരി വാർഷിക വരുമാനം 750 ഡോളർ, ഏകദേശം അറുപതിനായിരം (ഇന്ത്യൻ രൂപ) ആണ്. ജനാധിപത്യ സംവിധാനങ്ങളിലേയ്ക്ക് മാറാനുള്ള സുഡാൻ ജനതയുടെ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ച് മാസങ്ങളായി ഇരുസേനകളും ഏറ്റുമുട്ടുകയാണ്. ഏപ്രിൽ 15ഓടു കൂടിയായിരുന്നു സൈന്യവും അർദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും(ആർ.എസ്.എഫ്) തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്.
സുഡാന്റെ സൈനീക മേധാവി ജനറൽ അബ്ദേൽ ഫത്താ ബുർഹാനും ആർ.എസ്.എഫ് തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാളയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയതും പരസ്പരമുള്ള ഏറ്റുമുട്ടലിന് വഴിതെളിച്ചതും. ആർ.എസ്.എഫ് സൈന്യവുമായി ലയിക്കണമെന്ന തീരുമാനത്തോട് ഡഗാളയ്ക്കുള്ള എതിർപ്പാണ് പ്രശ്നങ്ങളുടെ തുടക്കം. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അബ്ദല്ല ഹംഡോക്കിന്റെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. അന്ന് സൈന്യത്തിനൊപ്പം സഖ്യകക്ഷിയായുണ്ടായിരുന്ന അർദ്ധസൈനീക വിഭാഗമായിരുന്നു ആർ.എസ്.എഫ്. പിന്നീട്, അധികാരതർക്കത്തിൽ ഇരു സേനാവിഭാഗങ്ങൾക്കിടയിലും ഭിന്നിപ്പ് രൂക്ഷമായി. പട്ടാള അട്ടിമറിയിലൂടെ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള കരാറില്ലാതാക്കി. പ്രഖ്യാപിത കരാറിലെ സുപ്രധാന നിർദേശങ്ങളിലൊന്നാണ് സേനകളുടെ ലയനം.
ജനാധിപത്യം അട്ടിമറിച്ച് രാഷ്ട്രീയപ്രതിസന്ധി
2019 ൽ ജനകീയപ്രക്ഷോഭത്തെത്തുടർന്ന് ഏകാധിപതിയായിരുന്ന ഒമർ ബാഷിറിന് അധികാരം നഷ്ടമായപ്പോഴായിരുന്നു ഭരണത്തിലേയ്ക്ക് അബ്ദല്ല എത്തിയത്. തുടർന്ന് രാഷ്ട്രീയനേതാക്കളുമായി അധികാരം പങ്കിടാൻ സൈന്യം കരാർ ഒപ്പുവെച്ചു. 11 അംഗ പരമാധികാര കൗൺസിൽ അബ്ദല്ല ഹംഡോക്കിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 2021ൽ അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെ ഹംഡോക്ക് സ്ഥാനമൊഴിഞ്ഞു. ഹംഡോക്ക് ഉൾപ്പെടെ ഒട്ടേറെ ജനകീയനേതാക്കളെ സൈന്യം തടവിലാക്കി. വിമതരുമായി സുഡാൻ സമാധാനക്കരാറിലേർപ്പെട്ടതും ഇസ്രായേലുമായി നയതന്ത്ര ബന്ധം സുഗമമാക്കിയതുമെല്ലാം സോവെറിൻ കൗൺസിൽ ഭരണകാലത്താണ്. എന്നാൽ 2018.ലെ ജനകീയപ്രക്ഷോഭ കാലം മുതൽത്തന്നെ അധികാരം പിടിക്കാൻ സൈന്യം ശ്രമം നടത്തിയിരുന്നു.