PHOTO: WIKI COMMONS
സുഗന്ധഗിരി മരംമുറി: ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
വയനാട് സുഗന്ധഗിരി മരംമുറി കേസില്‍ ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്‌ന കരീം, കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ കേസില്‍ സസ്‌പെന്‍ഷനിലാകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായി. വനം വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്മേലാണ് നടപടി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
പരിശോധന നടത്താതെ മരംമുറിക്കുന്നതിന് പാസ് അനുവദിച്ചതായും, കുറ്റകൃത്യം നടക്കുന്നത് അറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളില്‍ നിന്ന് ഫോറസ്റ്റ് വാച്ചര്‍ ആര്‍ ജോണ്‍സണ്‍ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങള്‍ കരാറുകാരന് കാണിച്ചുകൊടുത്തത് വനം വകുപ്പ് ജീവനക്കാരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ച് കടത്തിയതാണ് കേസിനാസ്പദം. മുപ്പതോളം ജീവനക്കാര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള നടന്നത്. സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വീതം പതിച്ച് നല്‍കാന്‍ ഉപയോഗിച്ച 1,086 ഹെക്ടര്‍ ഭൂമിയിലാണ് കൊള്ള നടന്നത്.