
തെക്കു-കിഴക്കനേഷ്യയില്‍ ആത്മഹത്യ പെരുകുന്നു
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ മരണനിരക്കില്‍ ആത്മഹത്യ പ്രധാന കാരണങ്ങളിലൊന്നായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. പ്രതിവര്‍ഷം 2 ലക്ഷത്തിലധികം ആത്മഹത്യകളാണ് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ നടക്കുന്നതെന്നും ആത്മഹത്യ സുപ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. പ്രായ-ലിംഗ ഭേദമന്യേ എല്ലാ പശ്ചാത്തലത്തിലുള്ളവരെയും ഇത് ബാധിക്കുന്നതായി ഡബ്യൂഎച്ച്ഒ സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ ഡയറക്റ്റര്‍ സെയ്മ വസെദ് പറഞ്ഞു. ഓരോ വര്‍ഷവും 2 ലക്ഷത്തിലധികം പേര്‍ ആത്മഹത്യയിലൂടെ മരിക്കുന്നതായും അവര്‍ വ്യക്തമാക്കി.
മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന പലരും സഹായം തേടുന്നില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും കുടുംബങ്ങളെയും സുഹൃത്തുകളെയും സഹപ്രവര്‍ത്തകരെയും സമൂഹങ്ങളെയും ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ആത്മഹത്യ പ്രതിരോധം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക മാത്രമല്ല ആളുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന തരത്തിലുള്ള കമ്മ്യൂണിറ്റികള്‍ കെട്ടിപടുക്കുന്നതിലൂടെ ഈ പ്രശ്‌നത്തെ തരണം ചെയ്യാനുള്ള വഴികളും തേടണം.
ആര്‍ദ്രത നിറഞ്ഞ സമീപനങ്ങളും, തുറന്ന സംഭാഷണങ്ങളും, മുന്‍വിധികളില്ലാതെ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കുന്നതും പ്രധാനമാണ്. മാനസിക ആരോഗ്യത്തെയും ആത്മഹത്യയെയും ചുറ്റിപറ്റിയുള്ള നാണക്കേടിനെ മറികടക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ വ്യക്തികളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള പിന്തുണ സംവിധാനങ്ങളും ഇടപെടലുകളും ഉറപ്പാക്കേണ്ടത് നിര്‍ണായകമാണെന്നും സെയ്മ വസെദ് പറഞ്ഞു.
ആത്മഹത്യ മുന്നറിയിപ്പ് അടയാളങ്ങള്‍ തിരിച്ചറിയുന്നതിന് ഒപ്പം വീട്ടുകാരും സുഹൃത്തുക്കളും വ്യക്തികളെ മാനസികാരോഗ്യ ചികിത്സ നേടാന്‍ സഹായിക്കുക എന്നതാണ് ആദ്യപടി. ഏറ്റവും അടുപ്പമുള്ള ഒരാളുടെ ആത്മഹത്യാശ്രമത്തിന് ശേഷം കുടുംബവും സുഹൃത്തുക്കളും വിദഗ്ധ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. മുഴുവനായുള്ള മാസികാരോഗ്യം, ക്ഷേമം, ജീവിതനിലവാരം എന്നിവ ഉള്‍ക്കൊള്ളുന്ന പൊതുജനാരോഗ്യത്തിന് സമഗ്രമായ സമീപനവും ആവശ്യമാണ്.