TMJ
searchnav-menu
post-thumbnail

TMJ Daily

സൂര്യകാന്തിക്ക് താങ്ങുവില ലഭിക്കുന്നില്ല; ദേശീയ പാത ഉപരോധിച്ച് കർഷകർ

12 Jun 2023   |   2 min Read
TMJ News Desk

സൂര്യകാന്തിയുടെ സംഭരണത്തിന് മിനിമം താങ്ങുവില (എംഎസ്പി) ലഭിക്കാത്തതിൽ കർഷക പ്രതിഷേധം. ഹരിയാനയിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്കുള്ള ദേശീയ പാത ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. കുരുക്ഷേത്ര ജില്ലയിലെ പിപ്ലി ഗ്രാമത്തിൽ വച്ച് നടന്ന മഹാ പഞ്ചായത്തിലാണ് NH-44 ലെ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് പ്രതിഷേധം നടത്തും എന്ന തീരുമാനം കർഷകർ കൈക്കൊണ്ടത്. പ്രതിഷേധത്തെ തുടർന്ന് തിരക്കൊഴിവാക്കാൻ ഡൽഹി-ചണ്ഡീഗഡ് റൂട്ടിൽ ഗതാഗതം തിരിച്ചുവിട്ടു. ഹരിയാന, പഞ്ചാബ്, യുപി, എന്നി സസ്ഥാനങ്ങളിൽ നിന്നും, മറ്റ് അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർഷക നേതാക്കൾ എംഎസ്പി ദിലാവോ, കിസാൻ ബച്ചാവോ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഭവന്തർ ഭാർപായ് യോജന (ബിബിവൈ) ക്ക് കീഴിൽ, 36,414 ഏക്കർഭൂമിയിൽ കൃഷിചെയ്യുന്ന 8,528 കർഷകർക്ക് ഇടക്കാല ആശ്വാസം എന്ന നിലയിൽ 29.13 കോടി രൂപ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ശനിയാഴ്ച അനുവദിച്ചിരുന്നു. എംഎസ്പിയിൽ താഴെ ഉൽപ്പന്നങ്ങൾ വിൽക്കേണ്ടി വരുമ്പോൾ കർഷകർക്ക് നിശ്ചിത നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണ് ബിബിവൈ. അതിൽ സൂര്യകാന്തി വിളകളെയും ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. എംഎസ്പിക്ക് താഴെ വിൽക്കുന്ന സൂര്യകാന്തി വിളകൾക്ക് സംസ്ഥാന സർക്കാർ ഇടക്കാല പിന്തുണയായി ക്വിന്റലിന് 1,000 രൂപയാണ് നിലവിൽ നൽകുന്നത്. എന്നാൽ ക്വിന്റലിന് 6,400 രൂപ നൽകണം എന്നാണ് കർഷകരുടെ ആവശ്യം. ഗുസ്തി താരം ബജ്‌റംഗ് പുനിയയും കർഷക നേതാവ് രാകേശ് ടിക്കായത്തിനൊപ്പം മഹാപഞ്ചായത്തിൽ പങ്കെടുത്തു.

മിനിമം താങ്ങുവിലക്ക് സൂര്യകാന്തി വിത്ത് സർക്കാർ സംഭരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂൺ 6 ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. അന്ന് ഷഹാബാദിന് സമീപം ആറുമണിക്കൂറിലധികമാണ് കർഷകർ ദേശീയപാത തടഞ്ഞത്. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. ഭാരതീയ കിസാൻ യൂണിയന്റെ നേതാക്കളെ കലാപ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ഉണ്ടായി. അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയക്കണമെന്നാണ് ഇപ്പോൾ കർഷകർ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യം.

ഉയർന്നു വരുന്ന പ്രതിഷേധം

ബിജെപി സർക്കാരിനെതിരെ കർഷകരുടെ ഭാഗത്തുനിന്നും വീണ്ടും പ്രതിഷേധങ്ങൾ ഉയർന്നു വരുകയാണ്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ കർഷകർ രംഗത്തെത്തിയിരുന്നു. സമരത്തെ അനുകൂലിച്ച് ഹരിയാനയിലെ കുരുക്ഷേത്രയിലാണ് കർഷകരുടെ മാഹാ പഞ്ചായത്ത് ചേർന്നത്. താരങ്ങൾ എന്ത് നിലപാടെടുത്താലും പൂർണ പിന്തുണ നൽകും എന്നായിരുന്നു മഹാ പഞ്ചായത്തിന്റെ നിലപാട്. താരങ്ങൾക്കെതിരായ കേസ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യവ്യാപകമായി ഖാപ് പഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും കർഷകർ ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ടായിരുന്നു. അതുപോലെ ബിജെപി സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം നേരിട്ട പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായിരുന്നു കാർഷിക ബില്ലിനെതിരെയുള്ള കർഷക സമരം. 358 ദിവസമാണ് സമരം നീണ്ട് നിന്നത്. 719 പേർ സമരത്തിൽ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. സർക്കാരിന് കാർഷിക ബിൽ പിൻവലിക്കേണ്ടി വന്നു.

#Daily
Leave a comment