
പുതുവര്‍ഷ ദിനത്തില്‍ 16 സൂര്യോദയങ്ങള്‍ ദര്‍ശിച്ച് സുനിത വില്ല്യംസ്
2025 ജനുവരി 1-ന് 16 സൂര്യോദയങ്ങള്‍ ദര്‍ശിച്ച് സുനിത വില്ല്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഹപ്രവര്‍ത്തകരും.
നിലവില്‍ എക്‌സ്‌പെഡീഷന്‍ 72 ദൗത്യത്തിന്റെ കമാന്‍ഡറായ സുനിതയ്‌ക്കൊപ്പം അലക്‌സി ഒവ്ചിനിന്‍, ബുച്ച് വില്‍മോര്‍, ഇവാന്‍ വാഗ്നര്‍, ഡോണ്‍ പെറ്റിറ്റ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ്, നിക്ക് ഹേഗ് എന്നിവരാണ് സ്റ്റേഷനിലുള്ളത്.
നിലയത്തിലെ അംഗങ്ങള്‍ കാണുന്ന സൂര്യോദയങ്ങളുടെ എണ്ണം ഓരോ ദിവസവും ഐഎസ്എസ് ഭൂമിയെ വലംവയ്ക്കുന്ന എണ്ണങ്ങള്‍ ആശ്രയിച്ചിരിക്കും. സാധാരണ ദിവസവും ഏകദേശം 15.5 തവണ കാണും. ഇതിന് കാരണം സ്‌റ്റേഷന്‍ 400 കിലോമീറ്റര്‍ ഉയരത്തില്‍ ഏകദേശം മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നത് കൊണ്ടാണ്. ഓരോ തവണയും 90 മിനിട്ടോളം എടുത്താണ് വലംവയ്ക്കുന്നത് പൂര്‍ത്തീകരിക്കുന്നത്.
എട്ട് ദിവസത്തേക്കുള്ള ദൗത്യത്തിനായി 2024 ജൂണില്‍ ആണ് വില്ല്യംസും വില്‍മോറും നിലയത്തില്‍ എത്തിയത്. അവര്‍ നിലയത്തില്‍ എത്തിയ ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സൂളിന്റെ കേടുപാടുകള്‍ കാരണം ഇരുവരുടേയും നിലയത്തിലെ വാസം മാസങ്ങള്‍ നീണ്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇരുവര്‍ക്കും തിരിച്ചുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.