
സുനിത വില്ല്യംസും സംഘവും സുരക്ഷിതമായി ഭൂമിയിലെത്തി
ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്ല്യംസും സംഘവും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിതയും ബുച്ച് വില്‍മോറും നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും സ്‌പേസ്എക്‌സ് ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലിലാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.40 ഓടെ ഇറങ്ങിയത്.
സ്‌പേസ്എക്‌സിന്റെ റിക്കവറി കപ്പലുകള്‍ യാത്രികര്‍ അടങ്ങിയ സ്‌പേസ്‌ക്രാഫ്റ്റിനെ വീണ്ടെടുത്തു. പത്ത് മിനിട്ട് നീണ്ട സുരക്ഷാ പരിശോധനയ്ക്കുശേഷമാണ് സ്‌പേസ്‌ക്രാഫ്റ്റിനെ എംവി മേഗന്‍ എന്ന റിക്കവറി കപ്പലില്‍ കയറ്റിയത്. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ പുറത്തിറക്കുകയും യാത്രികരെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ സുനിതയും ബുച്ച് വില്‍മോറും ഒമ്പത് മാസത്തിനുശേഷമാണ് ഭൂമിയിലെത്തിയത്. 2024 ജൂണ്‍ അഞ്ചിനാണ് നിലയത്തിലേക്ക് യാത്ര തിരിച്ചത്. യുണൈറ്റഡ് അലയന്‍സ് അറ്റ്‌ലസ് അഞ്ച് റോക്കറ്റില്‍ വിക്ഷേപിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അവര്‍ ജൂണ്‍ ആറിന് നിലയത്തിലെത്തി. എന്നാല്‍ പേടകത്തില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചുവരാനാകാതെ അവിടെ തുടരുകയായിരുന്നു. നാസയും ബോയിങും സഹകരിച്ച് നടത്തിയ ദൗത്യമായിരുന്നു ഇത്. ഇവര്‍ സ്‌പേസ് സ്റ്റേഷനില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി.
അതേസമയം ഹേഗും ഗോര്‍ബുനോവും 2024 സെപ്തംബര്‍ 28ന് ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യാത്ര തിരിച്ചു. തൊട്ടടുത്ത ദിവസം നിലയത്തിലെത്തി.
ഈ ദൗത്യത്തില്‍ സുനിതയും വില്‍മോറും ഭൂമിക്ക് ചുറ്റിലും 121,347,491 മൈലുകള്‍ സഞ്ചരിച്ചു. ബഹിരാകാശത്ത് 286 ദിവസം ചെലവഴിച്ച ഇവര്‍ ഭൂമിക്ക് ചുറ്റിലും 4,576 തവണ പ്രദക്ഷിണവും ചെയ്തു. സുനിത രണ്ട് തവണ ബഹിരാകാശത്ത് നടന്നിരുന്നു. ഒരു നടത്തത്തില്‍ വില്‍മോറും മറ്റൊന്നില്‍ ഹേഗുമായിരുന്നു പങ്കാളികള്‍. സ്റ്റേഷന്റെ പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിന നീക്കം ചെയ്യുന്നതിനും പുറംപാളിയില്‍ ബാക്ടീരിയ പോലുള്ള ജീവികള്‍ വസിക്കുന്നുണ്ടോയെന്ന് അറിയാനുള്ള സാമ്പിള്‍ ശേഖരിക്കുന്നതിനും എക്‌സ്‌റേ ടെലസ്‌കോപ്പിലെ കേടായ ലൈറ്റ് ഫില്‍റ്ററുകളില്‍ അറ്റകുറ്റപ്പണി നടത്താനുമാണ് ബഹിരാകാശത്ത് നടന്നത്.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡും സുനിതയുടെ പേരിലായി. ആകെ 62 മണിക്കൂറും ആറ് മിനിട്ടുമാണ് അവര്‍ സ്റ്റേഷന് പുറത്ത് നടന്നത്.
150ല്‍ അധികം ശാസ്ത്ര പരീക്ഷണങ്ങള്‍ അമേരിക്കന്‍ ക്രൂ അംഗങ്ങള്‍ നടത്തിയിരുന്നു. ബഹിരാകാശത്തെ ചെടികളുടെ വളര്‍ച്ചയെക്കുറിച്ച് പഠിച്ച ഇവര്‍ രക്ത രോഗങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍, കാന്‍സര്‍ എന്നിവയ്ക്ക് മരുന്ന് കണ്ടെത്തുന്നതിനായി വിത്ത് കോശങ്ങളിലെ പരീക്ഷണത്തിലും ഏര്‍പ്പെട്ടു.