TMJ
searchnav-menu
post-thumbnail

TMJ Daily

വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് സണ്ണി ജോസഫിന് വേണ്ട: ആന്റോ ആന്റണി

11 May 2025   |   1 min Read
TMJ News Desk

കോണ്‍ഗ്രസ് കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റാക്കിയതിനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ആന്റോ ആന്റണി എംപി. സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

'വെള്ളാപ്പളളി നടേശന്‍ ബി.ജെ.പി.യുടെയും, സി.പി.എമ്മിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനം ശക്തമായി തുടരട്ടെ. കോണ്‍ഗ്രസിന് ഉപദേശം നല്‍കാന്‍ സമയം എടുക്കേണ്ട. കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് പ്രാപ്തിയുണ്ട്. സണ്ണി ജോസഫ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവാണ് അദ്ദേഹത്തിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല,' ആന്റോ ആന്റണി കുറിച്ചു.

നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ തരംതാണ പ്രസ്താവന കണ്ടുവെന്നും അതാണ് കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കെതിരെയും വെള്ളാപ്പള്ളി പ്രസ്താവന നടത്തിയെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഉപജാപക സംഘമാണെന്നും ആന്റോ ആന്റണി ആരോപിച്ചു. 'എന്നെ അക്രമിച്ചതിലൂടെ അവരുടെ ലക്ഷ്യം സാധൂകരിച്ചു എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവര്‍ അടങ്ങിയിട്ടില്ല, സണ്ണി ജോസഫിനെയും അവര്‍ ലക്ഷ്യമിട്ടിട്ടുണ്ട് എന്ന് കണ്ടതുകൊണ്ടാണ് ഞാന്‍ എന്റെ നിലപാട് തുറന്ന് പറയാന്‍ തീരുമാനിച്ചത്,' അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് പദവികളോട് ആര്‍ത്തിയില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കുറിച്ചു.

'അര്‍ഹതയില്ലാതിരുന്നിട്ടും അത്യുന്നതമായ പദവികള്‍ ലഭിച്ചിട്ടും അധികാരത്തിന്റെ ആര്‍ത്തിമൂത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാനും, പിളര്‍ത്താനുമൊക്കെ ശ്രമിച്ച നേതാക്കള്‍ ഉള്ള പാര്‍ട്ടിയിലാണ് സണ്ണി ഇത്ര സംയമനത്തോടെ നിലപാട് സ്വീകരിച്ചത്,' സണ്ണി പറഞ്ഞു.

അത്രയും രാഷ്ട്രീയ മാന്യതയുള്ള സണ്ണി ജോസഫിനെയാണ് ഒരു മാന്യതയുമില്ലാതെ വെള്ളാപ്പള്ളി നടേശന്‍ ആക്രമിക്കുന്നത്. സണ്ണി ജോസഫിന്റെ കെപിസിസി പ്രസിഡന്റായുള്ള കടന്നുവരവ് ഉപജാപക വൃന്ദം ഉള്‍ക്കൊണ്ടിട്ടില്ല എന്നുള്ളത് ഒരിക്കല്‍ കൂടി വ്യക്തമായി. അങ്ങനെ സണ്ണി ജോസഫിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. ദുര്‍ബ്ബലമായ കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ക്ക് പ്രസക്തിയില്ല ശക്തമായ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകനായി നില്‍ക്കുന്നതാണ് അഭിമാനമെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ആന്റണിയെ തഴഞ്ഞാണ് സണ്ണി ജോസഫിനെ പ്രസിഡന്റാക്കിയതെന്ന് വാര്‍ത്തയുണ്ടായിരുന്നു.


#Daily
Leave a comment