
സണ്ണി ജോസഫ് പുതിയ കെ പി സി സി പ്രസിഡന്റ്; 3 വര്‍ക്കിങ് പ്രസിഡന്റുമാരും
ഏറെനാളായി കോണ്‍ഗ്രസില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് മാറ്റ വിഷയത്തിന് തീരുമാനമായി. കെ സുധാകരന് പകരം സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. കൂടെ വര്‍ക്കിങ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥിനേയും എ പി അനില്‍കുമാറിനേയും ഷാഫി പറമ്പിലിനേയും നിയമിച്ചിട്ടുണ്ട്. കെ സുധാകരനെ എഐസിസിയുടെ സ്ഥിരം ക്ഷണിതാവാക്കിയിട്ടുണ്ട്. അടൂര്‍ പ്രകാശനെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിന്റേയും ആന്റോ ആന്റണിയുടേയും പേരുകളാണ് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത്.
ഇടുക്കിയിലെ തൊടുപുഴയില്‍നിന്നും കണ്ണൂരിലേക്ക് കുടിയേറിവരാണ് സണ്ണിയുടെ കുടുംബം. 2011ല്‍ പേരാവൂരില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016ലും 2021ലും വീണ്ടും എംഎല്‍എയായി.
കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിലേക്ക് ബിജെപിയുടെ കടന്നുകയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സണ്ണിയെ പ്രസിഡന്റാക്കിയതെന്നാണ് നിരീക്ഷകമതം. താന്‍ പ്രവര്‍ത്തകരുടെ നോമിനിയാണെന്നും ഒരു സമുദായത്തിന്റെ നോമിനിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണെന്നും ആ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തലമുറ മാറ്റം ലക്ഷ്യമിട്ടാണ് കെപിസിസിക്ക് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഐക്യത്തിന്റെ വെളുത്തപുകയാണോ അതോ അനൈക്യത്തിന്റെ കറുത്ത പുകയാണോ വരാന്‍ പോകുന്നതെന്ന് വരുംമാസങ്ങള്‍ തെളിയിക്കും.