TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

അടുത്തവര്‍ഷം സൂപ്പര്‍ എല്‍ നിനോയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി യുഎസ് ഏജന്‍സി 

16 Oct 2023   |   1 min Read
TMJ News Desk

2024 മാര്‍ച്ച്-മെയ് മാസങ്ങളില്‍ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ശക്തമായ സൂപ്പര്‍ എല്‍ നിനോയ്ക്ക് സാധ്യത. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ചൂട് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുമെന്നും അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കാലാവസ്ഥാ പ്രവചനകേന്ദ്രം പറയുന്നു. 

പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപവ്യതിയാനം ഇന്ത്യയിലെ മണ്‍സൂണിന്റെ വരവിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ഇത് മണ്‍സൂണ്‍ കാറ്റിനെ ദുര്‍ബലമാക്കി മഴ കുറയാന്‍ ഇടയാക്കും. അടുത്തവര്‍ഷം സൂപ്പര്‍ എല്‍ നിനോയ്ക്കുള്ള സാധ്യത 75% -80% വരെയാണ്. ഈ സമയം ഭൂമധ്യരേഖാ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കുറഞ്ഞത് 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കും. 

കാലാവസ്ഥയെ പ്രതികൂലമാക്കും 

2024 ലെ എല്‍ നിനോ ഇന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ കാറ്റിനെ ദുര്‍ബലമാക്കുന്നതുകൊണ്ടാണ് മണ്‍സൂണ്‍ മഴയും കുറയുന്നത്. എല്‍ നിനോയുടെ ഭാഗമായി ചില പ്രദേശങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ വരള്‍ച്ചയായിരിക്കും ഫലം. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനം കുറവായിരിക്കും. 

1997-98 ലും 2015-16 വര്‍ഷങ്ങളിലും ഉണ്ടായ എല്‍ നിനോയില്‍ തീവ്രമായ താപനിലയും വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം ലോകമെമ്പാടും നാശം വിതച്ചു. അന്ന് താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുകയും അത് റെക്കോര്‍ഡ് ആയി മാറുകയും ചെയ്തു. 

മധ്യമേഖലാ പസഫിക്കിലെ ഒരു പ്രദേശത്ത് ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.8 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും സമുദ്രോപരിതലത്തിലെ താപനില ഉയരുന്നതാണ് എല്‍ നിനോയുടെ സവിശേഷത. സൂപ്പര്‍ എല്‍ നിനോ ശരാശരിയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. സാധാരണയായി എല്‍ നിനോ നാല് വര്‍ഷം കൂടുമ്പോഴോ അതില്‍ കൂടുതലോ തവണ ആവര്‍ത്തിക്കാറുണ്ടെന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ മുതിര്‍ന്ന ഗവേഷകനായ ഡോ. മൈക്ക് മക്‌ഫെഡന്‍ പറഞ്ഞു. കൂടാതെ ഓരോ 10 മുതല്‍ 15 വര്‍ഷം കൂടുമ്പോഴാണ് സൂപ്പര്‍ എല്‍ നിനോ ഉണ്ടാകുന്നത്.




#Daily
Leave a comment